മൂന്നുവയസ്സുകാരന്റെ മരണം: നാണയം വിഴങ്ങിയതല്ല കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം
കൊച്ചി> ആലുവയില് മൂന്നുവയസ്സുകാരന്റെ മരണം നാണയം വിഴങ്ങിയതു മൂലമല്ലെന്ന് പോസ്റ്റ്മോര്ട്ടം നടത്തിയ ഡോക്ടര്മാരുടെ പ്രാഥമിക നിഗമനം. കൃത്യമായ നിഗമനത്തിലെത്താന് ആന്തരികാവയവങ്ങള് രാസപരിശോധനയ്ക്കായി കാക്കനാട് കെമിക്കല് ലാബിലേക്കയച്ചു.
ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര് വളഞ്ഞമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏകമകന് പൃഥിരാജ് ആണ് കഴിഞ്ഞദിവസം മരിച്ചത്. എറണാകുളം ഗവ. മെഡിക്കല് കോളേജില് നടത്തിയ പോസ്റ്റ്മോര്ട്ടത്തില് കുഞ്ഞിന്റെ ശരീരത്തിനുള്ളില്നിന്ന് അമ്പതു പൈസയുടെയും ഒരു രൂപയുടെയും ഓരോ നാണയങ്ങള് കണ്ടെത്തി.
വന്കുടലിന്റെ അറ്റത്താണ് നാണയങ്ങള് കിടന്നിരുന്നത്. അല്പ്പസമയംകൂടി കഴിഞ്ഞിരുന്നെങ്കില് വിസര്ജനത്തിലൂടെ പുറത്ത് പോകുമായിരുന്നു. നാണയങ്ങള് കടന്നുപോയ ആമാശയത്തിനോ കുടലുകള്ക്കോ മുറിവുണ്ടായിട്ടില്ല. അതാണ് നാണയം വിഴുങ്ങിയതല്ല മരണകാരണം എന്ന നിഗമനത്തിലെത്താന് കാരണം.
പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കി. പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിലുള്ള അമ്മ നന്ദിനിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല് കോളേജിലും കുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു.
കണ്ടെയ്ന്മെന്റ് സോണില് നിന്നെത്തിയതിനാല് ചികിത്സ നിഷേധിച്ചു എന്ന ആരോപണം ഉയര്ന്നതിനാല് മന്ത്രി കെ കെ ശൈലജ ആരോഗ്യ സെക്രട്ടറിയോട് അന്വേഷണ റിപ്പോര്ട്ട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണത്തില് ചികിത്സാപ്പിഴവില്ലെന്നായിരുന്നു ആശുപത്രികളുടെ നിലപാട്.
Credits Kerala || Deshabhimani Online News https://ift.tt/2DfCRXV
Comments