പശുവിറച്ചി കടത്തിയെന്നാരോപിച്ച് ഡ്രൈവർക്ക് ക്രൂര മർദനം; പൊലീസ് നോക്കിനിന്നു
ന്യൂഡൽഹി > പശുവിന്റെ പേരിൽ രാജ്യതലസ്ഥാനമേഖലയിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. പശുവിറച്ചി കടത്തിയെന്നാരോപിച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് യുവാവിനെ ഹിന്ദുത്വവാദികൾ ചേർന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ അക്രമികളെ പിടിച്ചുമാറ്റാതെ നോക്കിനിന്നു. പിക്വാനിൽ പശുവിറച്ചി കടത്തുന്നുവെന്നാരോപിച്ച് ഗുരുഗ്രാമിനു സമീപമാണ് കൊടും ക്രൂരത അരങ്ങേറിയത്.
ലുഖ്മാൻ എന്നയാൾക്കാണ് പരിക്കേറ്റത്. വാഹനം പിന്തുടർന്ന്, തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പരിക്കേറ്റ ലുഖ്മാനെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.
വാഹനത്തിലുണ്ടായിരുന്നത് പോത്തിറച്ചി ആയിരുന്നെന്ന് വാഹന ഉടമ പ്രതികരിച്ചു. താൻ അമ്പത് വർഷമായി ഈ കച്ചവടം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്കിന തല്ലിക്കൊന്നതിന് സമാനമായ ദൃശ്യങ്ങളാണ് വീഡിയോയിൽ പ്രചരിച്ചത്.
Credits National || Deshabhimani Online News https://ift.tt/3fpiiW6
Comments