സൂപ്പർകപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കാൻ കെൽട്രോണിൽ കേന്ദ്രം ഒരുങ്ങുന്നു; വിഎസ്എസ്സിയുമായി ധാരണയായി
തിരുവനന്തപുരം > ഇലക്ട്രോണിക് വ്യവസായ രംഗത്തേക്കാവശ്യമായ സൂപ്പർകപ്പാസിറ്റർ തദ്ദേശീയമായി നിർമ്മിക്കാൻ കണ്ണൂരിലെ കെൽട്രോൺ കോംപണന്റ് കോംപ്ലക്സിൽ (കെസിസിഎൽ) പ്രത്യേക കേന്ദ്രം ഒരുങ്ങുന്നു. സാങ്കേതികവിദ്യാ കൈമാറ്റത്തിന് വിക്രം സാരാഭായ് സ്പേസ് സെന്ററുമായി (വി എസ് എസ് സി) ധാരണയായി. കെസിസിഎൽ മാനേജിങ് ഡയറക്ടർ കെ ജി കൃഷ്ണകുമാറും വി എസ് എസ് സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇളങ്കോവനും തമ്മിൽ ധാരണാപത്രം കൈമാറി. 42 കോടിയുടെ പദ്ധതിയാണ് കെൽട്രോൺ തയ്യാറാക്കുന്നത്.
മില്ലിവാട്ട്സ് ശേഷിയുള്ള മുതൽ കിലോവാട്ട്സ് ശേഷിയുള്ളവവരെ വ്യത്യസ്ത ശ്രേണിയിലുള്ള കപ്പാസിറ്ററുകൾ പുതിയ കേന്ദ്രത്തിൽ നിർമ്മിക്കാൻ സാധിക്കും. വിവിധ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലകളിൽ സൂപ്പർ കപ്പാസിറ്ററുകൾക്ക് നിരവധി ആവശ്യങ്ങളുണ്ട്. നിലവിൽ ഇന്ത്യയിൽ വ്യാവസായിക ആവശ്യത്തിനുള്ള സൂപ്പർകപ്പാസിറ്ററുകൾ ഇറക്കുമതി ചെയ്യുകയാണ്. കെൽട്രോണിൽ പുതിയ കേന്ദ്രം ഒരുങ്ങുന്നതോടെ ആവശ്യമായ കപ്പാസിറ്ററുകൾ രാജ്യത്ത് തന്നെ ഉൽപാദിപ്പിക്കാനാകും.
പൂർണ്ണമായും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് കപ്പാസിറ്റർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പ്രതിവർഷം വിവിധ ശ്രേണിയിലുള്ള 18 ലക്ഷത്തോളം സൂപ്പർ കപ്പാസിറ്ററുകൾ കെൽട്രോൺ നിർമ്മിക്കും. ഒപ്പം ചെറിയ സാങ്കേതിക മാറ്റങ്ങൾ വരുത്തി ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കാനും സാധിക്കുന്നതാണ് പുതിയ പദ്ധതി. വിപണിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി കെൽട്രോണിന്റെ വലിയ കുതിപ്പിനും വഴിയൊരുക്കും.
ഇന്ത്യയിൽ ഒട്ടനവധി വിപണി സാധ്യതയുള്ള ഇലക്ട്രോണിക്സ് കംപോണന്റ് നിർമ്മാണ മേഖലയാണ് സൂപ്പർകപ്പാസിറ്റർ നിർമ്മാണം. ഇലക്ട്രോണിക്സ് വിപണിയിലെ കണക്കുപ്രകാരം ഇന്ത്യയിലെ ഓട്ടോമൊബൈൽ വ്യവസായം, പ്രത്യേകിച്ച് ഇലക്ട്രിക് വാഹന വ്യവസായം, റെയിൽവേ, പ്രതിരോധം, ഊർജ്ജം, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലയിൽ സൂപ്പർകപ്പാസിറ്ററിന്റെ ആവശ്യം വളരെ വലുതാണ്.
ആക്ടിവേറ്റഡ് കാർബൺ ഇലക്ട്രോഡ് അടിസ്ഥാനമാക്കിയുള്ള സൂപ്പർകപ്പാസിറ്ററുകളാണ് കെൽട്രോൺ നിർമ്മിക്കുക. ഇവ സാധാരണ കപ്പാസിറ്ററുകളെക്കാളും ശേഷിയുള്ളവയാണ്. കുറഞ്ഞ സമയത്തേക്ക് പവർ ബൂസ്റ്റിംഗിന് ബാറ്ററികൾക്ക് പകരമായാണ് സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കുന്നത്. നിത്യോപയോഗ ഉപകരണങ്ങളിലും പ്രതിരോധ, ബഹിരാകാശ മേഖലകളിലെ ഉപകരണങ്ങളിലും ഇവ പ്രവർത്തിപ്പിക്കുന്നു. ഊർജ്ജക്ഷമതയും ബാറ്ററിയെക്കാൾ വേഗത്തിൽ പവർ ബൂസ്റ്റ് ചെയ്യുമെന്നതും സൂപ്പർ കപ്പാസിറ്ററുകളുടെ മേൻമയാണ്. ഒപ്പം റീച്ചാർജ്ജബിൾ ബാറ്ററിയെക്കാൾ ഉപയോഗക്ഷമതയും കൂടുതലാണ്. വിലക്കുറവും ചെറിയ വലിപ്പത്തിൽ ലഭ്യമാകുന്നതും പവർ ബൂസ്റ്റിംഗിന് കപ്പാസിറ്ററുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു.
ജംപ് സ്റ്റാർട്ടർ, ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ഹൈബ്രിഡ് ബാറ്ററി, വിൻഡ് ടർബെയ്ൻ സ്വിച്ച് കൺട്രോൾ, ആർ എഫ് മൊഡ്യൂളുകൾ ഉള്ള സ്മാർട്ട് എനർജി മീറ്ററുകൾ, ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ, അണ്ടർവാട്ടർ സോണാർ സിസ്റ്റത്തിനുള്ള പവർ സപ്ലൈ, യു പി എസ് സിസ്റ്റം, എനർജി സ്റ്റോറേജ് സിസ്റ്റം തുടങ്ങിയ ഉപകരണങ്ങളിൽ സൂപ്പർ കപ്പാസിറ്ററുകൾ ഒഴിച്ചുകൂടാനാവാത്തതാണ്. നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാനിൽ (എൻഇഎംഎംപി) സൂപ്പർകപ്പാസിറ്റർ നിർമ്മാണം ഉൾപ്പെടുത്തിയത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണകേന്ദ്രം പ്രവർത്തന സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് കെൽട്രോൺ.
Credits Kerala || Deshabhimani Online News https://ift.tt/2Y8rAzR
Comments