മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു
ന്യൂഡൽഹി > മുൻരാഷ്ട്രപതിയും ദീർഘകാലം കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാർ മുഖർജി അന്തരിച്ചു. 84 വയസ്സായിരുന്നു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. മകൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.അഞ്ചു പതിറ്റാണ്ടു നീണ്ട പൊതുജീവിതത്തിന് ഉടമയായ പ്രണബിനെ കഴിഞ്ഞവർഷം രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരത്രത്ന നൽകി ആദരിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഡൽഹി കരസേനാ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു.
ഭാര്യ സുവ്ര മുഖർജി അഞ്ചു വർഷം മുമ്പ് മരിച്ചു. കോൺഗ്രസ് നേതാക്കളായ ശർമിഷ്ഠ മുഖർജി, അഭിജിത് മുഖർജി, ഇന്ദ്രജിത് മുഖർജി എന്നിവർ മക്കളാണ്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒന്നിലേറെ തവണ ഉയർന്നുവന്ന പേരായിരുന്നു പ്രണബ് മുഖർജിയുടേത്. 2012 മുതൽ 2017 വരെ രാഷ്ട്രപതിയായി. അഞ്ചു തവണ രാജ്യസഭയിലേക്കും രണ്ടു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ധനം, വിദേശം, പ്രതിരോധം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. ഒട്ടേറെ മന്ത്രിസഭാ സമിതികളുടെ അധ്യക്ഷനായി.
നരസിംഹറാവു സർക്കാരിന്റെ കാലത്ത് നാലു വർഷം ആസൂത്രണ കമീഷൻ ഉപാധ്യക്ഷനായി പ്രവർത്തിച്ചു. 2004–-2012ൽ മൻമോഹൻസിങ് മന്ത്രിസഭകളിൽ രണ്ടാമനായിരുന്നു. പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയിലെ മിറാട്ടിയിൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന കമദ കിങ്കാർ മുഖർജിയുടെ മകനായി 1935 ഡിസംബർ 11ന് ജനനം. എംഎ, എൽഎൽബി ബിരുദങ്ങൾ നേടിയശേഷം കുറച്ചുകാലം കമ്പിത്തപാൽ വകുപ്പിൽ ജോലിചെയ്തു. പിന്നീട് കൊൽക്കത്ത വിദ്യാനഗർ കോളേജിൽ അധ്യാപകനായി.
രാഷ്ട്രീയത്തിലേക്ക് കടക്കുംമുമ്പ് പത്രപ്രവർത്തകനായിന്നു. 1969ൽ മിഡ്നാപുരിൽ വി കെ കൃഷ്ണമേനോൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പ്രചാരണച്ചുമതല വഹിച്ചത് പ്രണബായിരുന്നു. അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ഇന്ദിര ഗാന്ധിയാണ് കോൺഗ്രസിലേക്ക് കൊണ്ടുവന്നത്. 1969ൽ രാജ്യസഭാംഗമായ പ്രണബിന് നാലു വർഷത്തിനുള്ളിൽ വ്യവസായവികസന സഹമന്ത്രിസ്ഥാനം ലഭിച്ചു. അടിയന്തരാവസ്ഥയിൽ ഇന്ദിര ഗാന്ധിയുടെ വിശ്വസ്ത സംഘത്തിൽ പ്രവർത്തിച്ചു. 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരികെ വന്നശേഷം 1982–-84ൽ ധനമന്ത്രിയായി. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടശേഷം രാജീവ് ഗാന്ധിയുമായി പിണങ്ങി സ്വന്തം പാർടി രൂപീകരിച്ചു. 1989ൽ കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും നരസിംഹറാവുവിന്റെ കാലത്താണ് വീണ്ടും പ്രാമുഖ്യം ലഭിച്ചത്. 1998ൽ സോണിയ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
Credits National || Deshabhimani Online News https://ift.tt/2EMopr4
Comments