യുഡിഎഫും ബിജെപിയും ഒരമ്മപെറ്റ മക്കളെപ്പോലെ ഗീബൽസിയൻ തന്ത്രങ്ങൾ പയറ്റുന്നു: മന്ത്രി കടകംപള്ളി
തിരുവനന്തപുരം > ഒരമ്മപെറ്റ മക്കളെപ്പോലെ യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ നുണപ്രചരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമീപകാലത്തെ സർക്കാരുകളേക്കാൾ വളരെ മെച്ചപ്പെട്ട പ്രവർത്തനമാണ് ഈ സർക്കാർ നടത്തുന്നത്. നവകേരള നിർമിതിക്കുവേണ്ടിയുള്ള പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതിനായി പരിശ്രമിച്ച സർക്കാരാണിത്. വഴിയിൽ മുടങ്ങിയ പല പദ്ധതികളും ഈ സർക്കാരിന് പൂർത്തീകരിക്കാനായി. 10 വർഷമായി മുടങ്ങിക്കിടന്ന കൂടംകുളം ആണവ വൈദ്യുതി പദ്ധതി ഉദാഹരണമാണ്. നിസാരമായ പ്രശ്നങ്ങളാൽ മുടങ്ങിയതാണ് ആ പദ്ധതി. ഇന്നിപ്പോൾ പദ്ധതി കമീഷൻ ചെയ്യാനായി. സമ്പൂർണ വൈദ്യുതീകരണം സംസ്ഥാനത്ത് നടപ്പാക്കാനായി. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും സർക്കാരിന് ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത്തരത്തിലുള്ള ഒരു സർക്കാരിന് വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളിൽനിന്ന് വർധിച്ച പിന്തുണയാണ് ലഭിച്ചത്. ആ സാഹചര്യത്തിലാണ് സ്വർണക്കടത്ത് കേസ് വരുന്നത്. അത് സർക്കാരിനെതിരായി ഉപയോഗിക്കാനുള്ള ശ്രമമാണ് യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളെപ്പോലെ കള്ളപ്രചരണം നടത്തുന്നത്. ഗീബൽസിന്റെ സിദ്ധാന്തമാണ് ഇവർ ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെയാണ് ആക്രമണത്തിന്റെ കുന്തമുന തിരിക്കുന്നത്. ഈ മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാത്തവരല്ല ഇവിടുത്തെ മാധ്യമപ്രവർത്തകർ. ഇത്ര ചിട്ടയായി പ്രവർത്തനം നടത്തുന്ന ഓഫീസ് സമീപകാലത്ത് കണ്ടിട്ടുണ്ടോയെന്ന് മാധ്യമപ്രവർത്തകർക്ക് തന്നെ അറിയാം.
കോവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനം മലയാളികൾക്കാകെ അഭിമാനിക്കാവുന്നതാണ്. തൊഴിലില്ലാതെ വേതനമില്ലാതെ നാലഞ്ച് മാസം കഴിയേണ്ടി വന്നിട്ടും ഒരു പട്ടിണി മരണം പോലും കേരളത്തിൽ ഉണ്ടായില്ല. 17000 രൂപ രണ്ടു ഘട്ടങ്ങളിലായി 51 ലക്ഷം വീടുകളിൽ എത്തിച്ചു. മൂന്നാം ഘട്ടം ഇന്ന് മുതൽ കൊടുത്ത് തുടങ്ങുകയാണ്. ഒന്നുമില്ലാത്ത പാവങ്ങൾക്ക് ഈ തുക വലുത് തന്നെയാണ്. സൗജന്യമായ ഭക്ഷ്യവിതരണം, 87 ലക്ഷം കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ഇങ്ങനെ ജനങ്ങളെ സംരക്ഷിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതൊന്നും പ്രതിപക്ഷത്തിന് അറിയാഞ്ഞിട്ടല്ല. കേരളത്തിലെ ജനങ്ങൾ ശരിയായ വിധത്തിൽ തന്നെ കാണുന്നുണ്ട്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും അപവാദപ്പെടുത്താനുളള ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3iVI9Hd
Comments