സ്കൂൾ സിലബസ് വെട്ടിച്ചുരുക്കില്ല; സ്ഥിതി പഠിക്കാൻ സമിതി
തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിലെ പാഠഭാഗങ്ങൾ കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ വെട്ടിക്കുറയ്ക്കേണ്ടതില്ലെന്ന് സ്കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. സിലബസ് ചുരുക്കാതെതന്നെ പരിമിത സാഹചര്യത്തിൽ പാഠഭാഗങ്ങൾ മുഴുവൻ എങ്ങനെ വിദ്യാർഥികളിലെത്തിക്കാമെന്നതും സ്കൂൾ തുറക്കുമ്പോൾ എങ്ങനെ അധ്യയനം സാധ്യമാക്കാമെന്നതടക്കമുള്ള കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എസ്സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.
രണ്ടാഴ്ചയ്ക്കകം ഇക്കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നിർദേശം ലഭിച്ചാലേ സ്കൂളുകൾ തുറക്കൂ. നിലവിൽ രാജ്യത്തിനാകെ മാതൃകയായി തുടരുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ സമഗ്രമാക്കി തുടരും. എല്ലാ വിഷയങ്ങളുടെയും കൂടുതൽ ക്ലാസുകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കും. പിന്നോക്ക മേഖലകളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനവിഭവങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും.
യോഗ, കായികം വിഷയങ്ങളിലും ഡിജിറ്റൽ ക്ലാസുകൾ വെള്ളിയാഴ്ചമുതൽ കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യും. കോവിഡ് പശ്ചാത്തലത്തിൽ പഠനം വീടുകളിലായതിനാൽ രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കും. കോവിഡ് കാലത്ത് വിദ്യാർഥികൾക്കായി നടത്തിയ അക്ഷരവൃക്ഷം പദ്ധതിയുടെ തുടർച്ചയായി വീട്ടിലെ പഠനാന്തരീക്ഷത്തിന്റെ ചിത്രം വരയ്ക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുന്ന ‘നേർകാഴ്ച’ ഓണക്കാലത്ത് ആരംഭിക്കും. കുട്ടികൾക്ക് ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്യാം. ഓൺലൈനായി ചേർന്ന കരിക്കുലം കമ്മിറ്റിയോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഡയറക്ടർ കെ ജീവൻബാബു തുടങ്ങിയവരും പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/2DZ8vcU
Comments