സഭാ ടിവി ഒരു സമ്പൂർണ്ണ ചാനലായി മാറും: മുഖ്യമന്ത്രി
തിരുവനന്തപുരം > ജനാധിപത്യത്തിന്റെ വൈവിധ്യമാർന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തിൽ ആദ്യമായി ടെലിവിഷൻ ചാനൽ എന്ന സംരംഭം കേരള നിയമസഭയിൽ സഭാ ടിവി എന്ന പേരിൽ തുടക്കം കുറിച്ചു. സഭാ ടിവിയുടെ ഔദ്യോഗിക ഉദ്ഘാടനം 2020 ആഗസ്റ്റ് 17 (1196ചിങ്ങം1) ഉച്ചയ്ക്ക് 12.00 ന് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള വീഡിയോ കോൺഫറൻസിംഗ് മുഖേന നിർവഹിച്ചു. നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും, കേരള നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലനും നിർവ്വഹിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി സ്വാഗതം പ്രസംഗം നടത്തി.
സഭാ ടിവി ഒരു സമ്പൂർണ്ണ ചാനലായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളിതുവരെയുള്ള പതിനാല് കേരളാ നിയമസഭയുടെ ചരിത്രം പ്രതിപാദിക്കുന്ന ഹൃസ്വ വീഡിയോയും സഭാ ടിവിയുടെ വിവിധ സെഗ്മെന്റുകളെ കുറിച്ചുള്ള വീഡിയോയും പ്രസ്തുത ചടങ്ങിൽ പ്രദർശിപ്പിച്ചു.
റവന്യുവും ഭവനനിർമ്മാണവും വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, തുറമുഖവും മ്യൂസിയവും പുരാവസ്തുവും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യു ടി തോമസ് എംഎൽഎ, ഒ രാജഗോപാൽ എംഎൽഎ, .പി സി ജോർജ്ജ് എംഎൽഎ, വീണാ ജോർജ്ജ് എംഎൽഎ., സഭാ ടിവി മീഡിയാ കൺസൽട്ടന്റ് വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ നിയമസഭാ സെക്രട്ടറി കൃതജ്ഞത അർപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3iQZIIq
Comments