മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ? ഏതന്വേഷണത്തിനും ആയിരംവട്ടം തയ്യാർ: കെ ടി ജലീൽ
കൊച്ചി > കേന്ദ്ര ധനകാര്യ മന്ത്രാലയം തനിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് മന്ത്രി ഡോ.കെ ടി ജലീൽ. ഏതന്വേഷണത്തിനും താൻ ആയിരം വട്ടം തയ്യാറാണെന്നും ഇക്കാര്യം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മടിയിൽ കനമില്ലാത്തവന് ആരെപേടിക്കാനാണ്? ഗൺമാന് കോവിഡ് പോസിറ്റീവായതിനാൽ ക്വാറന്റൈനിൽ പോകാൻ ഡിഎംഒ നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ആർക്കും എപ്പോൾ വേണമെങ്കിലും തന്നെ ഫോണിൽ ബന്ധപ്പെടാമെന്നും ജലീൽ പറഞ്ഞു.
കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
യുഎഇ കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ. ഇക്കാര്യം ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ?
ഞാനും എന്റെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാന്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് കോറണ്ടൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്.
Credits Kerala || Deshabhimani Online News https://ift.tt/3aOLc1q
Comments