ഓഹരി കൈമാറാൻ തടസ്സമില്ല; എന്നാൽ തരില്ല ; ഭെൽ കാത്തിരിപ്പിന്‌ ഒരു വർഷം


കാസർകോട്
കേന്ദ്ര സർക്കാർ വിൽപനക്കുവച്ച പൊതുമേഖലാസ്ഥാപനമായ ഭെൽ–- ഇഎംഎല്ലിനെ കരകയറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ ഒരു വർഷം പിന്നിടുന്നു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി (ഭെൽ)നുള്ള ഓഹരികൾ വാങ്ങാൻ കഴിഞ്ഞവർഷം സെപ്തംബർ അഞ്ചിനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇത് കേന്ദ്രത്തെ അറിയിച്ചെങ്കിലും ഖനവ്യവസായ മന്ത്രാലയത്തിന് മുന്നിലുള്ള ഫയലിൽ ഒപ്പിടാൻ ഇതുവരെ മന്ത്രി തയ്യാറായിട്ടില്ല. പല തവണ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചു. എളമരം കരീം എംപി പാർലമെന്റിൽ ഉന്നയിക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയുംചെയ്തു. ഭെൽ -–-ബിഎംഎൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റായ പി കരുണാകരനും, ഡൽഹിയിലെ കേരള ലെയ്സൺ ചുമതലയുള്ള എ സമ്പത്തും പലതവണ മന്ത്രാലയത്തെ സമീപിച്ചു. സ്ഥാപനം കൈമാറാൻ തടസ്സങ്ങളൊന്നുമില്ലെന്നാണ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന മറുപടി. എന്നിട്ടും നടപടിയായില്ല.

കേന്ദ്രത്തിന് മുന്നിലെത്തിയപ്പോൾ തകിടം മറിഞ്ഞു
കേരള ഇലക്ട്രിക്കൽ ലിമിറ്റഡി(കെൽ)ന്റെ നാല് യൂണിറ്റുകളിൽ മികച്ചതായിരുന്നു കാസർകോട്ടേത്. 2011ലാണ് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭെല്ലുമായി ലയിപ്പിച്ചത്. 51 ശതമാനം ഓഹരി ഭെല്ലിനും 49 കേരള സർക്കാരിനും. റെയിൽവേക്കും പ്രതിരോധവകുപ്പിനും ആവശ്യമായ ആൾട്ടർ മീറ്ററായിരുന്നു പ്രധാന ഉൽപാദനം. ഓഹരി വിൽപനക്കായി ഭെൽ തയ്യാറാക്കിയ കരാർ അതുപോലെ അംഗീകരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ സർക്കാർ. സ്ഥാപനത്തിന്റെ കീഴിലുള്ള രണ്ട് കമ്പനികൾ തമ്മിലുള്ള ഓഹരി കൈമാറ്റത്തിന് പ്രത്യേക അനുമതി വേണ്ടെന്നിരിക്കെ അന്തിമതീരുമാനത്തിനായി ഭെൽ കേന്ദ്ര സർക്കാരിനെ സമീപിച്ചു. അതോടെ കൈമാറ്റം തകിടം മറഞ്ഞു. സ്ഥാപനം ഉടൻ കൈമാറുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ നവീകരണ പദ്ധതികൾവരെ തയ്യാറാക്കി. ബജറ്റിൽ 10 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു.

ലോക്ഡൗണിന് ശേഷം തുറന്നില്ല; ശമ്പളവുമില്ല
മൊഗ്രാൽ–- പുത്തൂർ പഞ്ചായത്തിലെ ബദിരടുക്കത്തുള്ള നിർമ്മാണശാല ലോക്ഡൗണിന് ശേഷം തുറന്നിട്ടില്ല. തൊഴിലാളികളുടെ സമ്മർദത്താൽ പുതിയ എംഡി വന്നെങ്കിലും ഏതാനും നാളുകൾക്കകം അദ്ദേഹം മടങ്ങി. ഫിനാൻസ് മാനേജരുടെ തസ്തികയടക്കം ഒഴിഞ്ഞു കിടക്കുന്നതിനാൽ സാമ്പത്തിക ഇടപാടുകളും നടക്കുന്നില്ല. 20 മാസമായി ജീവനക്കാർക്ക് ശമ്പളമില്ല. 150 സ്ഥിരം ജീവനക്കാരടക്കം 174 പേർ ജോലി ചെയ്യുന്നു. സംസ്ഥാന സർക്കാർ സഹായമാണ് ഇവർക്ക് അൽപമെങ്കിലും ആശ്വാസം.

വിറ്റുതുലയ്ക്കാൻ കോവിഡും അവസരം
ദേശീയ ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള 23 തുണി മില്ലുകളുടെ പ്രവർത്തനം നിലച്ചിട്ട് ആറുമാസം. മാർച്ച് 23ന് കോവിഡ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചപ്പോൾ മറ്റു സ്ഥാപനങ്ങൾക്കൊപ്പം മില്ലുകളും അടച്ചു. മെയ് 17ന് അടച്ചുപൂട്ടലിൽ ഇളവുകൾ വന്നിട്ടും ടെക്സ്റ്റൈൽ കോർപറേഷന്റെ തുണിമില്ലുകൾ മാത്രം തുറന്നില്ല. മാഹിയിലെ ഒരു മില്ലും കേരളത്തിലെ നാലുമടക്കം രാജ്യത്തെ 23 തുണിമില്ലാണ് പൂട്ടിയത്. തിരുവനന്തപുരം വിജയമോഹിനി മിൽ, തൃശൂർ ലക്ഷ്മി മിൽസ്, തൃശൂർ അളഗപ്പൻ മിൽസ്, എസ് ആൻഡ് ഡബ്ല്യു കണ്ണൂർ, എഎസ് ആൻഡ് ഡബ്ല്യു മാഹി എന്നിവയടക്കം 23 മിൽ അടച്ചിട്ടു. കേരളത്തിൽ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമായി.

മില്ലുകൾ പൂട്ടാനുള്ള ശ്രമം നേരത്തെ തുടങ്ങിയിരുന്നു. നൂലുകൾ കെട്ടിക്കിടക്കുന്നുവെന്നു പറഞ്ഞ് കരാർ തൊഴിലാളികളെ ആദ്യം വീട്ടിലിരുത്തി. ഉൽപ്പാദന ദിവസങ്ങളുടെ എണ്ണം കുറച്ചു. സ്ഥിരം ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒഴിവാക്കി. ശമ്പളം പകുതിയാക്കി. കരാർ തൊഴിലാളികൾക്ക് വരുമാനം നിലച്ചു. ഓണത്തിനു ലഭിക്കാറുള്ള ബോണസ് കൂടാതെ നിശ്ചിത തവണകളായി തിരിച്ചുപിടിക്കുന്ന തരത്തിൽ ചെറിയ തുക പലിശരഹിത വായ്പയായും നൽകാറുണ്ടായിരുന്നു. ഇക്കുറി അതും നഷ്ടമായേക്കും.

ഒരു കാലത്ത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളായിരുന്നു കോർപറേഷനു കീഴിലുള്ള സംസ്ഥാനത്തെ മില്ലുകൾ. മൂന്നു ഷിഫ്റ്റിലായി ഓരോ മില്ലിലും 1500 പേരിലധികംപേർ തൊഴിലെടുത്തിരുന്നു. മാറിമാറി വന്ന ബിജെപി, കോൺഗ്രസ് സർക്കാരുകളുടെ പൊതുമേഖലാ വിരുദ്ധനയം മില്ലുകളെയും ബാധിച്ചു. വർഷങ്ങൾക്കുമുമ്പ് കൊല്ലത്തെ പാർവതി മിൽ അടച്ചുപൂട്ടി. മില്ലുകൾ അടച്ചുപൂട്ടി കണ്ണായ സ്ഥലങ്ങളിലുള്ള ഭൂമി വിൽക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജീവനക്കാർ പറയുന്നു. ജിഎസ്ടി, മറ്റു നികുതികളായി വർഷം കോടികളാണ് മില്ലുകളിൽനിന്ന് സർക്കാരിനു ലഭിച്ചിരുന്നത്. വർഷങ്ങളായി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെയാണ് തലസ്ഥാനത്തെ വിജയമോഹിനി മില്ലടക്കം പ്രവർത്തിച്ചതും. പല ഘട്ടമായി 20 കോടിയുടെ വികസനപ്രവർത്തനം വിജയമോഹിനി മില്ലിൽ മാത്രം നടന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/34eBSCx

Comments

Archive

Contact Form

Send