കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് നന്ദി: മന്ത്രി കെ കെ ശൈലജ
മലപ്പുറം> കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുൾപ്പെടെയുള്ള എല്ലാവർക്കും നന്ദി അറിയിക്കുന്നതായി മന്ത്രി കെ കെ ശൈലജ. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞത്. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്.
നാട്ടുകാർ, എയർപോർട്ട് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ്, സുരക്ഷാ ജീവനക്കാർ, ആംബുലൻസ് പ്രവർത്തകർ, ഡ്രൈവർമാർ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവർത്തിച്ചത്.
പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിൽ പലരും കോവിഡ് പ്രോട്ടോകോൾ പോലും പാലിക്കാൻ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആൾക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടൈൻമെന്റ് സോണായ എയർപോർട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3a73SJ4
Comments