മദ്രസയുടെ ഭൂമി കൈയേറി, കെപിസിസി ജനറൽ സെക്രട്ടറിക്കെതിരെ പരാതി
കോഴിക്കോട് > മദ്രസയുടെ ഭൂമി കെപിസിസി ജനറൽ സെക്രട്ടറിയും ബന്ധുക്കളും ചേർന്ന് കൈയേറി. കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യനെതിരെ കോഴിക്കോട് നരിക്കുനിക്കടുത്ത മുക്കടംകാട് മദ്രസാകമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർക്ക് മദ്രസാകമ്മിറ്റി പരാതി നൽകി.
മുക്കടംകാട് മദ്രസാകമ്മിറ്റിക്ക് കുരുവട്ടൂരിലെ പൊയിൽതാഴത്തുള്ള സ്ഥലമാണ് കൈയേറിയത്. ജൂലൈ 17നാണ് സംഭവം. സ്ഥലത്തിന് കെട്ടിയ പുതിയ കരിങ്കൽ മതിലും തകർത്തു. കൈയേറ്റക്കാർ സുബ്രഹ്മണ്യന്റെ സഹോദരൻ വിനോദും പൊയിലിൽ രാജേഷുമാണെന്ന് പരാതിയിൽ പറയുന്നു. സുബ്രഹ്മണ്യന്റെ പിൻബലത്തിലാണ് മതസ്ഥാപന ഭൂമിയിലെ അതിക്രമമെന്നതിനാലാണ് കെപിസിസി, ഡിസിസി നേതാക്കൾക്ക് പരാതി നൽകിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായറിയപ്പെടുന്ന നേതാവാണ് എൻ സുബ്രഹ്മണ്യൻ.
മുക്കടംകാട് മദ്രസാകമ്മിറ്റി പ്രസിഡന്റ് പി അസ്സയിൻഹാജി, ജനറൽ സെക്രട്ടറി പി കെ അബ്ദുൾ അസീസ് എന്നിവരാണ് കോൺഗ്രസ് നേതാക്കളെ നീതിതേടി സമീപിച്ചത്. ആക്രമണത്തിൽനിന്നും ഗുണ്ടായിസത്തിൽനിന്നും സംരക്ഷണം നൽകണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. എംപിമാരുൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്കും ചേവായൂർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. 1981–-ൽ കെ സി അഹമ്മദിന്റെ കുടുംബമാണ് മദ്രസാകമ്മിറ്റിക്ക് ഭൂമി വിട്ടുകൊടുത്തത്. 39 വർഷമായി ഇവിടുത്തെ ആദായങ്ങൾ എടുക്കുന്നതും മദ്രസാകമ്മിറ്റിയാണ്.
Credits Kerala || Deshabhimani Online News https://ift.tt/3lwoaRS
Comments