പൊന്നോണത്തിൻ്റെ നെറുകയിൽ യുവാക്കളുടെ ചോര തെറിപ്പിച്ചവർക്ക് മാപ്പില്ല:പുരോഗമന കലാസാഹിത്യ സംഘം

കൊച്ചി>തിരുവനന്തപുരത്തെ വെഞ്ഞാറംമൂടിൽ രണ്ടു ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ വെട്ടിക്കൊന്ന കോൺഗ്രസ് പാർടിയുടെ കിരാത നീക്കത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മറ്റി പ്രതിഷേധിച്ചു. നാടിനും വീടിനും താങ്ങായിരിക്കെ കൊലക്കത്തിക്കിരയായ മിഥിലരാജിൻ്റേയും ഹഖ് മുഹമ്മദിൻ്റെയും വേർപാടിൽ സംഘം ദു:ഖം രേഖപ്പെടുത്തി.
ആവശ്യം വരുന്ന സന്ദർഭകളിൽ ആശുപത്രികളിൽ പാഞ്ഞെത്തി രോഗികൾക്ക് രക്തം നൽകുകയും, രോഗികൾക്കും കൂട്ടിരുപ്പുകാർക്കും നിത്യേന ഭക്ഷണം ശേഖരിച്ചു നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെയാണ് ഡി.വൈ.എഫ്.ഐ. എന്ന സംഘടന കേരളത്തിൽ ഇന്ന് ജനങ്ങളുടെ അവലംബമായിരിക്കുന്നത്. ഇപ്പോഴത്തെ കോവിഡ് പ്രതിരോധരംഗത്ത് സ്വന്തം ജീവിതം മറന്നു കൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്. കല്ലുചുമന്നും വീടുകളിൽ നിന്ന് ആക്രി വസ്തുക്കൾ ശേഖരിച്ചു വിറ്റും പത്തുകോടി രൂപയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി അവർ അടുത്ത ദിവസം മുഖ്യമന്ത്രിയെ ഏൽപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന രണ്ടു യുവാക്കളെയാണ് ഇന്നലെ കോൺഗ്രസ് പാർടി വക വരുത്തിയിരിക്കുന്നത്.
കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിന് ജനപിന്തുണയേറുന്നു എന്ന നിരീക്ഷകരുടെ വിലയിരുത്തലും, തുടർഭരണം ഉണ്ടാകും എന്ന തോന്നലും കോൺഗ്രസ്സിനെ അക്ഷരാർത്ഥത്തിൽ ഭ്രാന്തു പിടിപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിച്ച് കേരളത്തെ ശ്മശാനമാക്കാനാണ് അവർ ആദ്യഘട്ടത്തിൽ ശ്രമിച്ചത്. പിന്നീട് നിരവധി ദുരാരോപണങ്ങൾ ഒന്നൊന്നായി സർക്കാരിനെതിരെ കൊണ്ടുവന്നു. എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ് അവർ കൊലക്കത്തിയുമായി ഇറങ്ങിയിരിക്കുന്നത്.
വലിയ ദു:ഖങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിൽ സർക്കാരിൻ്റെ സഹായത്തോടെയാണ് മലയാളി ഇത്തവണ ഓണമാഘോഷിക്കാൻ ഒരുങ്ങിയത്. മലയാളിയുടെ പൊന്നോണത്തിൻ്റെ നെറുകയിലേക്കാണ് കോൺഗ്രസ് പാർടി രണ്ടു കിശോരരെക്കൊന്ന് ചോര തെറിപ്പിച്ചിരിക്കുന്നത്. മഹാനായ സ്വാതന്ത്ര്യ സമരനേതാവ് മൊയാരത്ത് ശങ്കരനെ കൊന്നു കൊണ്ടാണ് കോൺഗ്രസ് കേരളത്തിൽ കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. നിരപരാധികളായ ആയിരക്കണക്കിനു സിക്കുകാരെ കാശാപ്പുചെയ്തതിൻ്റെ ചോര ആ പാർടിയുടെ കൈകളിൽ ഇപ്പോഴും ഉണങ്ങിയിട്ടില്ല.
കോൺഗ്രസ് പാർടിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങൾക്കൊപ്പം നിന്നു പ്രതിഷേധിക്കാൻ ജനാധിപത്യവിശ്വാസികളായ മുഴുവൻ എഴുത്തുകാരും കലാപ്രവർത്തകരും മുന്നോട്ടു വരണമെന്ന് പ്രസിഡണ്ട് ഷാജി എൻ കരുൺ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ
അഭ്യർത്ഥിച്ചു.


Credits Kerala || Deshabhimani ​Online ​News https://ift.tt/31GzVgt

Comments

Archive

Contact Form

Send