"വർഗീയ മനസ്സുള്ളവർക്ക് ഏണി വെച്ചുകൊടുക്കാൻ സമുദായത്തിൻ്റെ "കോണി'' ദാനം നൽകുന്നത് എന്തിനാ തങ്ങളേ?'; മുസ്ലിംലീഗിന് നാഷണൽലീഗിൻ്റെ തുറന്ന കത്ത്

കോഴിക്കോട് > മുസ്ലിംലീഗിന് നാഷണൽലീഗിൻ്റെ തുറന്ന കത്ത്. ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ ആണ് കത്ത് എഴുതിയത്. മനോരമ ചാനലിൽ അങ്ങ് നൽകിയ ഒരഭിമുഖം കാണാനിടയായി. അതിൽ അങ്ങ് പറഞ്ഞ ഒരു കാര്യത്തിന് കൂടുതൽ വ്യക്തത ആവശ്യമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്. വിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് മന്ത്രി ജലീലാണെന്ന അങ്ങയുടെ പ്രസ്താവം കേട്ടവരെയൊക്കെ അമ്പരിപ്പിച്ചിരിക്കുകയാണ്. സത്യത്തിൽ ആരാണ് ഖുർആനെ രാഷ്ട്രീയ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചത്?. കത്തിൽ ചോദിക്കുന്നു.

ബഹുമാന്യനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക്,

യശ്ശശരീരനായ അബ്ദുറഹ്മാൻ ബാഫഖിതങ്ങളുടെയും പാണക്കാട് പൂക്കോയതങ്ങളുടെയും കാലഘട്ടത്തിൽ മുസ്ലിം ലീഗിൻ്റെ മുതിർന്ന നേതാക്കളെയടക്കം നിയന്ത്രിക്കുന്നതിനും വിവേകരഹിതമായി പെരുമാറുന്നവരെ ശാസിക്കുന്നതിനും അവർ കാണിച്ച ഔൽസുക്യം അങ്ങേക്ക് അറിവുള്ളതാണല്ലോ? എന്നാൽ, സമീപകാലത്ത് മുസ്ലിം ലീഗ് നേതാക്കളിൽനിന്നും നിയമസഭാ സാമാജികരിൽനിന്നും നിരുത്തരവാദപരവും ജുഗുപ്സാവഹവുമായ ചെയ്തികളുണ്ടാവുന്ന സമയങ്ങളിലൊന്നും അങ്ങയുടെ ഭാഗത്ത് നിന്നും ഒരിടപെടലും ഉണ്ടായതായി കാണാനായിട്ടില്ല. ചിലപ്പോഴെങ്കിലും അത്തരക്കാർക്ക് പ്രോൽസാഹനം നൽകുന്ന പ്രസ്താവനകൾ ഇറക്കാനാണ് താങ്കൾ താൽപര്യം കാണിച്ചിട്ടുള്ളത്. ലീഗ് സംസ്കാരമുള്ളവരെ ഇത് വല്ലാതെയാണ് അമ്പരിപ്പിച്ചത്.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് റമദാൻ കിറ്റുകൾ ഇവിടുത്തെ പാവങ്ങൾക്ക് വിതരണം ചെയ്യുന്നതിനും ഖുർആൻ കോപ്പികൾ പള്ളികളിലും മതസ്ഥാപനങ്ങളിലും നൽകുന്നതിനും വഖഫ്-ഹജ്ജ് വകുപ്പിൻ്റെകൂടി ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീലിൻ്റെ സഹായം തേടിയതും, അതിനുള്ള സൗകര്യം ജലീൽ ചെയ്തുകൊടുത്തതും വലിയ അപരാധമായി മുസ്ലിംലീഗ് നേതാക്കൾ ചർച്ചയാക്കിയത് എങ്ങിനെയാണ് താങ്കൾ കാണുന്നത് എന്നറിയാൻ സമുദായ സ്നേഹികൾക്ക് ആഗ്രഹമുണ്ട്. കേരളവും അറബ് സമൂഹവും തമ്മിലുള്ള സഹസ്രാബ്ദങ്ങൾ നീണ്ട സാംസ്കാരികവും വാണിജ്യപരവുമായ ആദാനപ്രദാനങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള താങ്കളെപ്പോലുള്ളവർ, ‘സക്കാത്തും’ ‘ സദഖയും’, ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്ന അറബ് ജനതയുടെ ഹൃദയവിശാലതയെ കുറിച്ച് ധാരാളം മനസ്സിലാക്കിയ വ്യക്തികൂടി ആണല്ലോ? ദുബൈ ഭരണാധികാരിയുടെ വകയുള്ള ദശലക്ഷം ഭക്ഷണക്കിറ്റല്ലേ, ജോലിയും ശമ്പളവുമില്ലാതെ, കഴിഞ്ഞ റമദാനിൽ, കോവിഡ് ആശങ്കളുമായി സ്വന്തം താമസസ്ഥലങ്ങളിൽ കഴിഞ്ഞ മലയാളികടക്കമുള്ള ലക്ഷക്കണിക്കിന് പ്രവാസികൾക്ക് ലിയ ആശ്വാസമായത്? ആ ജീവകാരുണ്യത്തിെൻ്റെ ചെറിയൊരംശം നമ്മുടെ നാട്ടിലെ പാവപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കാൻ ഇവിടുത്തെ കോൺസുലേറ്റ് സന്മനസ്സ് കാണിച്ചതും മന്ത്രി ജലീൽ അതിനു തന്നാലാവുന്ന സഹായം നൽകിയതും "ഹിമലയൻ തെറ്റായി" മുസ്ലിംലീഗ് പാർട്ടി കണ്ടതും, അതിനെതിരെ വർഗീയ മനസ്സുള്ളവർക്കൊപ്പം ചേർന്ന് ദുഷ്പ്രചാരണം നടത്തിയതും ആരെ പ്രീതിപ്പെടുത്താനായിരുന്നു? ജലീലിനെ കൊടുംഭീകരനാക്കി ചിത്രീകരിച്ച് യു.ഡി.എഫ് കൺവീനർ ബെന്നിബെഹ്നാൻ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കത്തെഴുതിയതിനെ അങ്ങ് എന്തേ വിമർശിക്കാതിരുന്നത്? തൃശൂർ ഡെയോസിസ് മെത്രപ്പൊലിത്ത യൂഹാനോൻ മോർ മിലിത്തോസും മുസ്ലിം ലീഗിനെ എക്കാലത്തും താങ്ങിനിറുത്തുന്ന സുന്നി, മുജാഹിദ് പണ്ഡിതന്മാരിലെ ചിലരും പരസ്യവിമർശനവുമായി രംഗത്തുവന്നിട്ടും അങ്ങയുടെ മനസ്സിനെ മാത്രം അതെന്തുകൊണ്ടാണ് അലട്ടാതിരുന്നത്?.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, അങ്ങ് സംസ്ഥാന അധ്യക്ഷനായ പാർട്ടിയുടെ സെക്രട്ടരിമാരിലൊരാളായ കെ.എം ഷാജിയെ പോലുള്ള പക്വത തൊട്ടുതീണ്ടാത്ത എം.എൽ.എമാർ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തിരുത്തിപ്പിക്കുന്നതിന് പകരം താങ്കളും അതേറ്റുപിടിക്കുന്നത് കാണുമ്പോൾ അദ്ഭുതവും ദു:ഖവുമാണ് തോന്നുന്നത്.

മനോരമ ചാനലിൽ അങ്ങ് നൽകിയ ഒരഭിമുഖം കാണാനിടയായി. അതിൽ അങ്ങ് പറഞ്ഞ ഒരു കാര്യത്തിന് കൂടുതൽ വ്യക്തത ആവശ്യമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്. വിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് മന്ത്രി ജലീലാണെന്ന അങ്ങയുടെ പ്രസ്താവം കേട്ടവരെയൊക്കെ അമ്പരിപ്പിച്ചിരിക്കുകയാണ്. സത്യത്തിൽ ആരാണ് ഖുർആനെ രാഷ്ട്രീയ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചത്? ആഗസ്റ്റ് 24ന് നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് കെ.എം ഷാജി, നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഖുർആെൻ്റെ കൂടെ മന്ത്രി ജലീലിന് ലഭിച്ച സ്വർണം തിരിച്ചുകൊടുക്കണമെന്ന് അലറിവിളിച്ചത്. 32 പെട്ടികളിലായി വന്ന ഖുർആൻ പ്രതികളോടൊപ്പം സ്വർണവും ഉണ്ടായിരുന്നുവെന്ന് ആത്മാർത്ഥമായി അങ്ങ് കരുതുന്നുണ്ടോ? അതുവരെ ഫെറാലംഘനം നടത്തിയാണ് ഖുർആൻ കൊണ്ടുവന്നതും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതും എന്നാരോപിച്ചവർക്ക് പെട്ടെന്ന് എവിടെനിന്നാണ് വിശുദ്ധ ഖുർആനൊപ്പം സ്വർണം കടത്തിയ കള്ളക്കഥ ചമക്കാനായത്? നിയമസഭയിലെ പ്രസംഗത്തിൽ ഷാജി എന്തെല്ലാം വിവരക്കേടാണ് വിളമ്പിയത് തങ്ങളേ? ജലീൽ വിരോധം മൂത്ത് അദ്ദേഹം എഴുന്നള്ളിച്ച വങ്കത്തങ്ങൾ അങ്ങും കേട്ടുകാണുമല്ലോ? യുദ്ധത്തിൽ പിടിച്ച അമുസ്ലിം തടവുകാരെ ഖുർആൻ പഠിപ്പിക്കാൻ പ്രവാചകൻ നിയോഗിച്ചുവെന്നും, തിരൂരങ്ങാടിയിലെ സി.എച്ച് പ്രസിൽനിന്ന് അച്ചടിക്കുന്ന ഖുർആനാണ് ലോകത്തിൻ്റെ നാനാദിക്കുകളിലേക്കും കയറ്റിയയക്കുന്നതെന്നുമൊക്കെയാണല്ലോ ഷാജി തട്ടിവിട്ടത്. വാളയാർ ചുരത്തിനപ്പുറത്ത് തിരൂരങ്ങാടി ഖുർആൻ ആരും ഓതാറില്ല എന്ന കാര്യം ആർക്കറിഞ്ഞില്ലെങ്കിലും അങ്ങേക്ക് അറിവുള്ളതാണല്ലോ? അറേബ്യൻ രാജ്യങ്ങളിൽ നിന്നും തുർക്കിയിൽനിന്നുമൊക്കെയാണ് ശുദ്ധ അറബി ലിപിയിലുള്ള ഖുർആൻ കോപ്പികൾ കേരളത്തിലേക്ക് എത്തുന്നതെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്നതല്ലേ? എന്നിട്ടുമെന്തിനാണ് "പച്ച"നുണ അങ്ങയുടെ സഹപ്രവർത്തകൻ വിളിച്ചുപറഞ്ഞത്?

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി എന്ന നിലയിൽ അങ്ങയുമായി വളരെ അടുത്ത് ഇടപഴകിയിട്ടുള്ള വ്യക്തിയാണല്ലോ കെ.ടി ജലീൽ. ആ കാലയളവിൽ എപ്പോഴെങ്കിലും സഹപ്രവർത്തകരോ മറ്റാരെങ്കിലുമോ ജലീൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായോ വിശ്വാസവഞ്ചന കാട്ടിയതായോ കള്ളക്കടത്തിന് കൂട്ടുനിന്നതായോ അങ്ങയോട് പരാതിപ്പെട്ടിട്ടുണ്ടോ? എന്നാൽ വിശുദ്ധ ഖുർആൻ കൊണ്ടുവന്നത് സ്വർണ്ണം കടത്താൻ വേണ്ടിയാണെന്ന്, വിശ്വാസി സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തിക്കൊണ്ട് ആരോപണമുന്നയിച്ച ഷാജിക്കെതിരെ അദ്ദേഹത്തിൻ്റെതന്നെ രണ്ടു ഉറ്റമിത്രങ്ങൾ (അതിലൊരാൾ ഇപ്പോൾ എം.എൽ.എയും മറ്റൊരാൾ ഭരണഘടനാ സ്ഥാപനത്തിലെ മുൻ അംഗവുമാണ്) അങ്ങയുടെ സമക്ഷത്തിങ്കൽ ബോധിപ്പിച്ച പരാതി താങ്കൾ മറന്നുകാണാനിടയില്ല. ഷാജി കോഴിക്കോട്ട് വീടുവെച്ച സ്ഥലം അവർ മൂന്നുപേരും ചേർന്നായിരുന്നു വാങ്ങിയിരുന്നത്. മറിച്ച് വിറ്റാൽ നല്ല ലാഭം കിട്ടുമായിരുന്ന പ്രസ്തുത സ്ഥലം സ്വന്തം പേരിലാക്കി ബിസിനസ് പങ്കാളികളായ സഹപ്രവർത്തകരെ മുതൽമുടക്കിയ സംഖ്യ പോലും നൽകാതെ വഞ്ചിച്ച 'രഹസ്യം' ലീഗ് കേന്ദ്രങ്ങളിൽ അങ്ങാടിപ്പാട്ടായതല്ലേ? ഷാജിയാൽ ചതിക്കപ്പെട്ട സഹപ്രവർത്തകരായ ലീഗ് നേതാക്കൾ അങ്ങയോട് പരാതി പറഞ്ഞു. അത് പരിഹരിക്കാൻ പാർട്ടിയിലെ ഒരു പാർലമെൻറംഗത്തെയാണല്ലോ അങ്ങ് ചുമതയപ്പെടുത്തിയിരുന്നത്. കൂട്ടുബിസിനസിൽ വാങ്ങിയ സ്ഥലത്തിൻ്റെ നടപ്പുവിലയുടെ ലാഭവിഹിതം പങ്കുവെക്കാൻ വിസമ്മതിച്ച ഷാജി, അവസാനം മുതൽ മുടക്കിയ സംഖ്യ മാത്രം ആത്മിത്രങ്ങൾക്ക് നൽകി അവരെ വഞ്ചിച്ച കദനകഥ, ബഹുമാനപ്പെട്ട തങ്ങൾക്കും അനുജൻ സാദിഖലി തങ്ങൾക്കും മാധ്യസ്ഥനായ ലീഗ് എം.പിക്കും മറച്ചുവെക്കാനാകുമോ? നെഞ്ചത്ത് കൈവെച്ചുകൊണ്ട് ഇക്കാര്യം നിഷേധിക്കാൻ താങ്കൾക്ക് സാധിക്കുമോ തങ്ങളേ? പാണക്കാട് തങ്ങന്മാർ കളവ് പറയില്ല എന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ടാണ് ഞാനിത് പറയുന്നത്.

ആരുമായൊക്കെ അങ്ങയുടെ സഹപ്രവർത്തകൻ ഷാജി, കൂട്ടുബിസിനസ് നടത്തിയോ അവരെയെല്ലാം വഞ്ചിച്ച പാരമ്പര്യമല്ലേ അദ്ദേഹത്തിനുള്ളത്. സഹപ്രവർത്തകരെ പറ്റിച്ച് തട്ടിയെടുത്ത ഭൂമിയിൽ, ഒരുകോടിയോളം രൂപ ചെലവിട്ട് പണികഴിപ്പിച്ച രമ്യഹർമ്യം വിശ്വാസ വഞ്ചനയുടെ പ്രതീകമല്ലാതെ മറ്റെന്താണ് തങ്ങളേ? വയനാട്ടിൽനിന്ന് കാലിക്കീശയുമായി ചുരമിറങ്ങിവന്ന ഷാജി, എങ്ങനെയാണ് കണ്ണ് ചിമ്മിത്തുറക്കുന്ന വേഗതയിൽ കോടീശ്വരനായത്? കള്ളക്കടത്തും കൈക്കൂലിയും സാമ്പത്തിക തട്ടിപ്പുകളും ലീഗ് നേതൃത്വം ഒരു കുറ്റമായി കണ്ടിരുന്നുവെങ്കിൽ "കുമ്മനം ഷാജി"യെ മുസ്ലിംലീഗിന് പേറി നാറേണ്ടി വരുമായിരുന്നില്ലല്ലോ?

ഡിപ്ലേമാറ്റിക് ചാനലിലൂടെ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 20ഓളം പേർ അറസ്റ്റിലായപ്പോൾ ഒരുഡസനിലധികം കുറ്റവാളികൾ മുസ്ലിം ലീഗുകാരോ അവരുടെ ബന്ധുക്കളോ ബിനാമികളോ ആയത് യാദൃശ്ചികമാണോ? ഉത്തര മലബാറിലെ ലീഗ് നേതാക്കളിൽ പലരും കള്ളക്കടത്തിൽ ഡോക്ടറേറ്റ് എടുത്തവരല്ലേ തങ്ങളേ? അഴിമതിയുടെ കാര്യത്തിൽ ലീഗെന്ന ‘ഇസ്ലാമിൻ്റെ പാർട്ടി’ എന്നെങ്കിലും കോൺഗ്രസ്സിൻ്റെ പിറകിലായിട്ടുണ്ടോ? അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് ഹയർസെക്കണ്ടറി അനുവദിച്ചുകൊടുക്കാമെന്ന് പറഞ്ഞ് യു.ഡി.എഫ് ഭരണകാലത്ത് 25 ലക്ഷം രൂപയല്ലേ ഷാജി, മാനേജ്മെൻ്റിൻ്റെ കൈയിൽനിന്ന് വാങ്ങി പോക്കറ്റിലിട്ടത്? പരാതി പറഞ്ഞ ലീഗുകാരനെ പടിയടച്ച് പിണ്ഠം വെക്കുകയല്ലേ മുസ്ലിംലീഗ് ചെയ്തത്? തങ്ങളേ, ഷാജി ഉൾപ്പടെ എത്ര നേതാക്കളാണ്, ലീഗ് നേതൃനിരയിൽ വിജിലൻസ് അന്വേഷണം നേരിടുന്നത്?

നമ്മുടെ രാജ്യം കടന്നുപോകുന്ന അതിസങ്കീർണമായ രാഷ്ട്രീയ–സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നേതാവാണ് ഹൈദരലി ശിഹാബ് തങ്ങൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വർത്തമാന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ മുമ്പന്നെത്തേക്കാളുമേറെ ചകിതരും ഉത്ക്കണ്ഠാകുലരുമാണ്. ഹിന്ദുത്വ രാഷ്ട്രീയം അതിൻ്റെ ബീഭൽസമുഖം ഒരുമറയുമില്ലാതെ പുറത്തെടുത്തിരിക്കുകയാണ്. വെറുപ്പിൻ്റെ സകല ആയുധങ്ങളും പ്രയോഗിച്ച്, ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാൻ സംഘടിതമായാണ് അവർ പത്ര-ദ്രശ്യ മാധ്യമങ്ങളുടെ പിന്തുണയോടെ ഗൂഢമായി നോക്കുന്നത്. അവരുമായി ചേർന്ന് കൂട്ടുകൃഷി നടത്താനല്ലേ കോൺഗ്രസ് നേതാക്കൾ ദേശീയ തലത്തിലും, ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൂവർണ്ണക്കൊടിയും കാവിക്കൊടിയും കൂട്ടിക്കെട്ടൽ, ഇരുകൂട്ടരുടേയും മനസ്സിൽ നടന്നുകഴിഞ്ഞ സാഹചര്യത്തിൽ വർഗീയ മനസ്സുള്ളവർക്ക് ഏണി വെച്ചുകൊടുക്കാൻ സമുദായത്തിൻ്റെ "കോണി'' തന്നെ ദാനം നൽകുന്നത് എന്തിനാണ് തങ്ങളേ? ശാന്തമായി ശാന്തരിൽ ശാന്തനായ അങ്ങ് ബഹളങ്ങൾക്ക് ചെവികൊടുക്കാതെ ഒറ്റക്കിരുന്ന് ആലോചിക്കണമെന്ന അഭ്യർഥനയോടെ, അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് നിർത്തുന്നു.

കാസിം ഇരിക്കൂർ
(ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി)



Credits Kerala || Deshabhimani ​Online ​News https://ift.tt/2YBXTaY

Comments

Archive

Contact Form

Send