VIDEO - വയനാട്ടിലെ പാളക്കൊല്ലിക്കാർക്ക്‌ സർക്കാരിന്റെ ഓണസമ്മാനം; 54 കുടുംബങ്ങൾക്ക്‌ സുരക്ഷയുടെ താക്കോൽ

പുൽപ്പള്ളി > മാനത്ത് കാർമേഘങ്ങളുരുണ്ട് കൂടുമ്പോൾ പാളക്കൊല്ലി കോളനിയിലെ ആളുകളുടെ മനസിലും ആശങ്കയുടെ പെരുമ്പറ മുഴങ്ങും. കനത്ത മഴയിൽ നിറഞ്ഞ് കവിയുന്ന കടമാൻ തോട് ഇവരുടെ കൊച്ച് കൂരയുടെ മൺഭിത്തി തകർത്ത് സർവവും വിഴുങ്ങുന്ന സംഹാരരുദ്രയാകാൻ മണിക്കൂറുകൾ മാത്രം മതി. ഇനിയുള്ള ജീവിതത്തിൽ ഈ ഭീതിയില്ലെന്ന് മരകാവിൽ സർക്കാർ നിർമിച്ച് നൽകിയ വീടിന് മുമ്പിലിരുന്ന് പുൽപ്പള്ളി പാളകൊല്ലി കോളനിയിലെ എല്ലാവരും ആശ്വസിക്കുന്നു. പ്രളയക്കെടുതി മൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിയിലെ 54 കുടുംബങ്ങൾക്കാണ് പട്ടികവർഗ വകുപ്പ് വീട് നിർമിച്ച് നൽകിയത്.

കടമാൻതോട് കരകവിഞ്ഞാൽ ആദ്യം വെള്ളം കയറിയിരുന്നത് കുരുന്തന്റെ വീട്ടിലായിരുന്നു. അപ്പോൾ കോളനിയിലെ മറ്റു വീടുകളിലോ സമീപത്തെ ദുരിതാശ്വാസക്യാമ്പുകളിലോ ഭാര്യയെയും മക്കളെയും കൂട്ടി അഭയം തേടും.

വർഷങ്ങൾക്ക് മുമ്പ് ഇടതു കാൽ മുട്ടിൽ ഇല്ലിമുള്ള് തറച്ചുകയറി കുരുന്തന്റെ കാൽ പകുതി ഭാഗം മുറിച്ചു കളഞ്ഞിരുന്നു . ആറു മക്കളുടെ പിതാവായ ഇദ്ദേഹം ലോട്ടറി വിറ്റും ചെറിയ പെട്ടിക്കട നടത്തിയുമാണ് ജീവിച്ചത്. വികലാംഗ പെൻഷനും നാട്ടുകാരുടെ സഹായവും എല്ലാം ചേർത്ത് മൂന്ന് പെണ്മക്കളെ ഒരു വിധത്തിൽ വിവാഹം ചെയ്തയച്ചു. സംസ്ഥാന സർകാർ മരകാവിൽ നിർമിച്ച സുരക്ഷിത ഭവനത്തിൽ ശിഷ്ട കാലം മനസമാധാനത്തോടെ കഴിയാമെന്ന സന്തോഷത്തിലാണ് കുരുന്തനും കുടുംബവും.

പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിൽ നിന്ന് വീടിന്റെ താക്കോൽ ഏറ്റ് വാങ്ങുമ്പോൾ പാളകൊല്ലി ആദിവാസി കോളനിയിലെ ശാന്തയുടെ മനസ് നിറഞ്ഞു. സംസ്ഥാന സർകാരിനോടുള്ള നന്ദിയും കരുതലും കണ്ണുകളിൽ പൂത്തിരിയായി. പാളക്കൊല്ലിയിലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കൂരയിൽ നിന്നും സംസ്ഥാന സർകാർ നിർമിച്ച് നൽകിയ മനോഹരമായ വീട്ടിലേക്കുള്ള മാറ്റം സുരക്ഷിത ജീവിതത്തിലേക്കുള്ള ചുവട് മാറ്റം കൂടി ആയതിന്റെ സന്തോഷത്തിലായിരുന്നു അവർ. ശാന്തക്ക് മാത്രമല്ല പ്രളയക്കെടുതി മൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിയിലെ 54 കുടുംബങ്ങൾക്കാണ് പട്ടികവർഗ വകുപ്പ് വീട് നിർമിച്ച് നൽകിയത്.

മരകാവിൽ വിലകൊടുത്ത് വാങ്ങിച്ച 4.75 ഏക്കർ ഭൂമിയിൽ 26 വീടുകളുടെ പണി പൂർത്തിയായി. 485 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ അടുക്കള, രണ്ട് കിടപ്പ് മുറികൾ, ഹാൾ, വരാന്ത എന്നിവയടങ്ങുന്ന ഒരു വീടിന് 6 ലക്ഷം രൂപയാണ് നിർമാണ ചെലവ്.ഉയർന്ന നിലവാരമുള്ള വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചത് . 3.24 കോടി രൂപയാണ് ആകെ ചെലവ്. ഭൂമി വാങ്ങുന്നതിന് 1.44 കോടി രൂപ ചെലവഴിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് പ്രവൃത്തികൾ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂർത്തീകരിച്ചത്. കൂടാതെ വൈദ്യുതീകരണം, പ്ലംബിംഗ്, പെയിന്റിങ്, ജനൽ-വാതിലുകളുടെ വർക്കുകൾ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചു. ഗുണഭോക്താൾക്ക് 10 സെന്റ് വീതം ഭൂമിയും നൽകി. കുടിവെള്ള പദ്ധതിക്കായി 37 ലക്ഷം രൂപ വാട്ടർ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

പൂർത്തികരിച്ച വീടുകളുടെ ഓൺലൈൻ ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ശിലാഫലകം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ അനാച്ഛാദനം ചെയ്തു. കലക്ടർ ഡോ. അദീല അബ്ദുള്ള, ബത്തേരി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ സി ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3b1D0ec

Comments

Archive

Contact Form

Send