22 വർഷത്തിനുശേഷം നീലഗിരിയിൽ തേയില വിലയിൽ വൻ കുതിപ്പ്, കർഷകർ ആഹ്ളാദത്തിൽ
ഗൂഡല്ലൂർ> നീലഗിരി ജില്ലയിലെ പ്രധാന കാർഷിക ഉൽപ്പന്നമായ തേയിലയ്ക്ക് 22 വർഷങ്ങൾക്ക് ശേഷം വൻ വിലയിലേക്ക് കുതിക്കുന്നു, സെപ്റ്റംബർ മാസത്തിൽ കിലോക്ക് 28 രൂപ കൊടുക്കാമെന്ന് ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്ത് മാസത്തിൽ കിലോക്ക് 22 രൂപയാണ് ഉണ്ടായിരുന്നത്, ഈ വിലവർദ്ധനവ് കർഷകരിൽ ആഹ്ലാദം ഉളവാക്കിയിട്ടുണ്ട്, 1998 നു ശേഷം തേയിലയ്ക്ക് വൻ വിലയിടിവാണ് ഉണ്ടായിരുന്നത്, കിലോവിന് രണ്ട് രൂപ വരെ എത്തിയ സാഹചര്യത്തിൽ കർഷകർ തേയില പറിക്കാതെ വിടുകയായിരുന്നു.
ജില്ലയിൽ തേയിലയുടെ വില ഉയർത്താൻ നിരവധി സമരങ്ങളാണ് നടന്നത്. കർഷകരുടെ പ്രതിഷേധം ശക്തമായ കാരണം രണ്ടായിരത്തിൽ നടക്കേണ്ടിയിരുന്ന ഊട്ടി ഫ്ലവർ ഷോ വരെ മാറ്റിവെച്ചിരുന്നു, എല്ലാ പാർട്ടികളും സംയുക്തമായി ഒറ്റക്കും ധാരാളം സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്, മുൻ പ്രധാനമന്ത്രി ദേവഗൗഡ വരെ ഊട്ടിയിൽ എത്തി കർഷക സമരത്തിൽ പങ്കെടുത്തിരുന്നു.
തേയിലയുടെ വില കുറവ് കാരണം നിരവധി കർഷകർ തേയിലച്ചെടി മുറിക്കുകയും പറിച്ചു മാറ്റുകയും അതിനുപകരം കാപ്പിയും കായ്കറി തോട്ടങ്ങൾ ആക്കുകയും റിസോർട്ടുകളും ലോഡ്ജുകളും നിർമ്മിക്കുകയും ചെയ്തിരുന്നു, വില കുറവ് കാരണം അടിക്കാടുകൾ വെട്ടാനും വളങ്ങൾ ഇടാനും തൊഴിലാളികൾക്ക് കൂലി കൊടുക്കാനും ഇല്ലാത്തതിനാൽ വൻ തോട്ടങ്ങളും ബുദ്ധിമുട്ടിലായിരുന്നു.
വിദേശ ഇറക്കുമതി ആണ് നീലഗിരി തേയിലയുടെ വില കുറയാൻ കാരണമെന്ന് കർഷകകർ ആരോപിച്ചിരുന്നു. ഏതായാലും പടിപടിയായി ഉയർന്ന് വില ഈ മാസത്തിൽ 28 എത്തിനിൽക്കുന്നു, തേയിലയ്ക്ക് വില കൂടിയതോടെ ചായ പൊടിക്കും നല്ല വിലയാണ് ഇപ്പോൾ കൂട്ടിയിട്ടുള്ളത്.. വിലവർധന വന്നതോടെ കർഷകർ തേയിലത്തോട്ടങ്ങൾ പരിചരിക്കാനും, അടിക്കാടുകൾ വെട്ടി. വളം ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്, വില ഉയർന്നു തുടർന്നാൽ. നീലഗിരിയിലെ കാർഷികരംഗം മെച്ചപ്പെടും എന്നാണ് കർഷകരും തൊഴിലാളികളും കരുതുന്നത്.
Credits National || Deshabhimani Online News https://ift.tt/3jLHHfm
Comments