"പഞ്ചവടിപ്പാലം' ഇറങ്ങിയിട്ട് ഇന്ന് 36 വർഷം; 4 വർഷം പഴക്കമുള്ള പാലാരിവട്ടം പാലം ഇന്ന് പൊളിക്കും
കൊച്ചി > ചിരിസിനിമകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുള്ള ഭാഷയാണ് മലയാളം. എങ്കിലും പഞ്ചവടിപ്പാലം പോലൊരു ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ ഇനിയുമുണ്ടായിട്ടില്ലെന്നതാണ് സത്യം. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം പുറത്തു വന്ന് ഈ വർഷം 36 വർഷം തികയും. ഒപ്പം മറ്റൊരു പ്രത്യേകതയും. പഞ്ചവടിപ്പാലം സിനിമ റിലീസ് ചെയ്തതും, പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയതും ഒരേ ദിവസമാണ്. 1984 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇന്ന് 2020 സെപ്തംബർ 28നാണ് പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങുന്നതും.
.jpg)
അങ്ങേയറ്റം ഹാസ്യരസപ്രധാനമായ സിനിമയുടെ സംവിധായകന്റെ പേരു കാണുമ്പോൾ ചിലരെങ്കിലും ഒന്നു ഞെട്ടും. കെ ജി ജോർജ്. അക്കാലത്തെ പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലനുമൊത്ത് ഒരു ചിത്രത്തിനായി ഒരുങ്ങിയപ്പോൾ തന്റെ മുൻകാലചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഹാസ്യ ചിത്രമാവണം എന്നായിരുന്നു ജോർജിന്റെ ആഗ്രഹം. അതിനുമുമ്പ് എടുത്ത 12 സിനിമകളിലൂടെ മലയാള സിനിമയിലെ ഗൗരവമുള്ള മികച്ച സിനിമകളുടെ സൃഷ്ടാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
മുഴുനീള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിനായുള്ള ജോര്ജിന്റെ അന്വേഷണം ചെന്നെത്തിയത് ജനകീയ ഹാസ്യ സാഹിത്യകാരൻ വേളൂര് കൃഷ്ണന്കുട്ടിയുടെ 'പാലം അപകടത്തില്' എന്ന നോവലിലായിരുന്നു. തിരക്കഥയും സംവിധായകൻ തന്നെ എഴുതി. സംഭാഷണം എഴുതുന്നത് 'കുഞ്ചുക്കുറുപ്പ്' എന്ന കാർട്ടൂൺ കഥാപാത്രത്തെ പിന്തുടർന്ന് കാര്ട്ടൂണിസ്റ്റ് യേശുദാസനിലെത്തി. കോട്ടയമായിരുന്നു ലൊക്കേഷൻ. ഷാജി എൻ. കരുൺ ഛായാഗ്രഹണവും എം.ബി. ശ്രീനിവാസൻ സംഗീതവും നിർവഹിച്ചു.
ഇതിനു ശേഷം പൊതു ഖജനാവ് മുടിക്കുന്ന പാലങ്ങൾക്ക് നാട്ടുകാർ പഞ്ചവടിപ്പാലം എന്ന് പേരിട്ടു. ഒടുവിൽ പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഹൈക്കോടതിയും ചോദിച്ചു. അങ്ങനെ കാലമെത്ര കഴിഞ്ഞാലും അഴിമതിവീരന്മാരായ രാഷ്ട്രീയക്കാർ ഉള്ള കാലത്തോളം പഞ്ചവടിപ്പാലം അനശ്വരമായി നിൽക്കും, അഴിമതിയുടെ നിത്യ സ്മാരകമായി.
Credits Kerala || Deshabhimani Online News https://ift.tt/3iaLjpM
Comments