തൊടുപുഴയിൽ വൻ ലഹരിമരുന്നു വേട്ട: 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
തൊടുപുഴ > തൊടുപുഴയിൽ കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും ആറു കുപ്പി ഹാഷിഷ് ഓയിലും എക്സൈസ് സംഘം പിടികൂടി. കാറിലുണ്ടായിരുന്ന കരിമണ്ണൂർ നെയ്യശ്ശേരി ഇടനയ്ക്കൽ ഹാരിസ് മുഹമ്മദിനെ (25) അറസ്റ്റ് ചെയ്തു. കോലാനി- വെങ്ങല്ലൂർ ബൈപാസിൽ ബുധനാഴ്ച വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം റോഡിലൂടെ വരികയായിരുന്ന ഹോണ്ട ജാസ് കാറിന് കൈ കാണിച്ചു. കാർ നിർത്താതെ പോയി. പിന്തുടർന്ന എക്സൈസ് സംഘം വെങ്ങല്ലൂർ സിഗ്നലിന് സമീപത്തുവെച്ച് വാഹനം കുറുകെയിട്ട് കാർ തടഞ്ഞു. പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ പൊതിക്കെട്ടുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കേരളത്തിന് വെളിയിൽ നിന്നും തൊടുപുഴ സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക വിവരം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടസപ്പെടുത്താനെത്തിയ മാർട്ടിൻ (ഒടിയൻ മാർട്ടിൻ) എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് തൊടുപുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ പി സുദീപ് കുമാർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3bloJcz
Comments