കോൺഗ്രസ് റൗഡി സംഘത്തെ ഒറ്റപ്പെടുത്തണം; അമർഷം ഉയരേണ്ടത് ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട്: കോടിയേരി
കൊച്ചി > വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന്റെ ഉന്നതനേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവം നടന്നപ്പോൽ കെപിസിസി പ്രസിഡന്റ് പറഞ്ഞത് ഇതിൽ കോൺഗ്രസിന് പങ്കില്ലെന്നാണ്. മരിച്ചവരെ ഗുണ്ടകളായി അപമാനിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത്. ഇത്തരം സന്ദർഭങ്ങളിൽ ഇരകളെപ്പറ്റി ആരെങ്കിലും ഇത്തരത്തിൽ ക്രൂരമായി സംസാരിക്കുമോയെന്നും കോടിയേരി ചോദിച്ചു. കൊലപാതകത്തെ ന്യായീകരിക്കുകയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചെയ്തത്. ഇത് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള കോൺഗ്രസ് പദ്ധതിയുടെ ഭാഗമാണ്. കോൺഗ്രസ് ഭീകരതക്കെതിരെ സിപിഐ എം കരിദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
ഏറ്റെടുക്കുന്ന ഓരോ പ്രശ്നവും ജനങ്ങൾ തള്ളിക്കളയുന്നതോടെ നിരാശരായ കോൺഗ്രസ് നേതൃത്വം അക്രമത്തിനായി അണികളെ കയറൂരി വിട്ടിരിക്കുകയാണ്. അടൂർ പ്രകാശ് എന്തുകൊണ്ടാണ് കൊലപാതകം തടയാതിരുന്നത്. കൊലപാതകത്തിൽ പങ്കുള്ള എല്ലാവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുള്ള രാഷ്ട്രീയപാർട്ടിയാണ് കോൺഗ്രസ്. മൊയാരത്ത് ശങ്കരനെ തല്ലിക്കൊന്നുകൊണ്ടാണ് കോൺഗ്രസുകാർ അക്രമപരമ്പരയ്ക്ക് തുടക്കമിട്ടത്.
സിപിഐ എം പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്. തിരിച്ചടിക്കണമെന്ന മനോഭാവമുള്ള പ്രവർത്തകരെ പ്രകോപിപ്പിച്ച് അക്രമങ്ങളിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അതിനാൽ കോൺഗ്രസ് പ്രകോപനത്തിൽ പ്രവർത്തകർ പെട്ടുപോകരുത്. പ്രതിഷേധങ്ങൾ സമാധാനമായി വേണം. അക്രമം നടത്തിയ കോൺഗ്രസ് റൗഡി സംഘത്തെ ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടണം. അമർഷവും പ്രതിഷേധവും ഉയർത്തേണ്ടത് ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടാകണം. കോൺഗ്രസിനെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. കോൺഗ്രസിന്റെ വികൃതമുഖം ബഹുജന മധ്യത്തിൽ വെളിപ്പെടുത്തണം. ഒരു ഓഫീസുകളും ആക്രമിക്കരുതെന്നും, സ്ഥാപനങ്ങൾക്ക് നേരെ കല്ലേറ് നടത്തുന്നതും പാടില്ലെന്നും കോടിയേരി നിർദേശം നൽകി.
Credits Kerala || Deshabhimani Online News https://ift.tt/3i53CxL
Comments