ഇന്ത്യ-ചൈന അതിർത്തിപ്രശ്നം: പ്രതിരോധ മന്ത്രിമാർ കണ്ടു, പരിഹാരം അകലെ
ന്യൂഡൽഹി > ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാർ മോസ്കോയിൽ ചർച്ച നടത്തിയെങ്കിലും അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല. രാജ്യപരമാധികാരം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ചൈന പ്രതിരോധമന്ത്രി വെയ് ഫെങ്ഗിയുമായുള്ള കൂടിക്കാഴ്ചയിൽ രാജ്നാഥ്സിങ് അറിയിച്ചു.
ഇന്ത്യൻ സൈന്യം അതിർത്തിയിൽ ഉത്തരവാദിത്തത്തോടെയുള്ള സമീപനം തുടരും. ഗൽവാൻ താഴ്വരയിലെ സംഘർഷങ്ങളിലേക്ക് നയിച്ചത് ചൈന നടത്തിയ ഉഭയകക്ഷി വ്യവസ്ഥകളുടെ ലംഘനമാണ്. പ്രത്യേക പ്രതിനിധികൾ തമ്മിലുണ്ടാക്കിയ ധാരണ പാലിച്ചില്ല. ആക്രമണോത്സുഹമായ വൻ സേനാവിന്യാസവും ഏകപക്ഷീയമായി തൽസ്ഥിതി തകിടം മറിക്കാനുള്ള നീക്കവുമാണുണ്ടായതെന്ന് രാജ്നാഥ്സിങ് പറഞ്ഞു. എന്നാൽ, ലഡാക്കിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം പൂർണമായി ഇന്ത്യക്കാണെന്ന നിലപാടാണ് വെയ് ഫെങ്ഗി സ്വീകരിച്ചത്. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിനിടെ വെയ് ഫെങ്ഗിയുടെ അഭ്യർഥനപ്രകാരമാണ് വെള്ളിയാഴ്ച രാത്രി ഇരുവരും ചർച്ച നടത്തിയത്. വെയ് ഫെങ്ഗിയുടെ പ്രതികരണം ചൈനീസ് മാധ്യമങ്ങളിൽ വന്നതിനുപിന്നാലെ രാജ്നാഥ്സിങ് യോഗത്തിൽ സ്വീകരിച്ച നിലപാട് പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു.
യഥാർഥ നിയന്ത്രണരേഖയിൽ സമ്പൂർണ സേനാപിന്മാറ്റം ഉറപ്പുവരുത്തണമെന്നും നയതന്ത്ര, സൈനികതല ചർച്ച തുടരണമെന്നും ഇരു മന്ത്രിമാരും ആവശ്യപ്പെട്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
അഞ്ച് പേരെ തട്ടിക്കൊണ്ടുപോയെന്ന്
ന്യൂഡൽഹി > അരുണാചൽപ്രദേശുകാരായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് നിനോംഗ് എറിങ് എംഎൽഎ ആരോപിച്ചു. അപ്പർ സുബാൻസിരി ജില്ലയിൽ ഇന്ത്യ--ചൈന അതിർത്തിയിലെ വനമേഖലയിൽ വേട്ടയ്ക്കുപോയ ഗ്രാമവാസികളെയാണ് സൈന്യം പിടികൂടിയത്.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെന്നും രക്ഷപ്പെട്ട് തിരിച്ചെത്തിയ രണ്ട് ഗ്രാമവാസികളാണ് വിവരം അറിയിച്ചതെന്നും നിനോംഗ് ട്വീറ്റ്ചെയ്തു. അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സൈന്യത്തിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.
Credits National || Deshabhimani Online News https://ift.tt/3i4wXbl
Comments