പമ്പയിലെ മണല്‍ വാരല്‍: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി> പമ്പയിലെ മണല്‍ വാരല്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഇടക്കാല ഉത്തരവ്.
പമ്പയിലെ മാലിന്യം നീക്കാന്‍ കരാര്‍ നല്‍കിയത് സ്വകാര്യ കമ്പനിക്കെന്ന ചെന്നിത്തലയുടെ വാദം തെറ്റെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പൊതുമേഖല സ്ഥാപനമായ കേരള ക്ലേസ് ആന്റ് സെറാമിക്സ് പ്രൊഡക്സ് ലിമിറ്റഡിനാണ് അടിഞ്ഞുകൂടിയ മണലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയത്.
പമ്പയിലെ ഒഴുക്ക് സുഗമമാക്കാനും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുമായിരുന്നു ഇതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.രാജേഷ് കോടതിയെ അറിയിച്ചു. പമ്പയില്‍ നിന്ന് മണല്‍ നീക്കാന്‍ മാത്രമാണ് കരാറെന്നായിരുന്നു ചെന്നിത്തലയുടെ പരാതിയിലെ ആരോപണം. വനം വകുപ്പിന്റെ അനുമതിയില്ലെന്ന വാദവും തെറ്റ് എന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് എന്ന അധികാരം ഉപയോഗിച്ചാണ് ജില്ലാ കളക്ടര്‍ മണലും മാലിന്യങ്ങളും നീക്കാന്‍ കമ്പനിക്ക് ചുമതല നല്‍കിയത്. ദുരന്തനിവാരണ നിയമത്തില്‍ കളക്ടറുടെ ചെയ്തികള്‍ക്ക് പ്രത്യേക സംരക്ഷണമുണ്ട്. വനം വകുപ്പും ജില്ലാ കളക്ടറും ഇക്കാര്യത്തില്‍ നടത്തിയ എഴുത്ത് കത്തുകളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
ദുരന്തനിവാരണ നിയമത്തിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം ജില്ലാ കളക്ടര്‍ കൈക്കൊണ്ട നടപടികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
Credits Kerala || Deshabhimani Online News https://ift.tt/3c1pfN5
Comments