സ്‌ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണം: മന്ത്രി ശൈലജ

തിരുവനന്തപുരം > സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ എൻജിഒ അസോസിയേഷൻ നേതാവും കോൺഗ്രസ് പ്രവർത്തകനുമായ പ്രദീപ് കുമാറിനെ ചെന്നിത്തല ന്യായീകരിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പിൽ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്. യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ 'ഡിവൈഎഫ്ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ' എന്ന മറുപടിയാണ് ചെന്നിത്തല നൽകിയത്. പീഡനത്തെ നിസാരവത്കരിക്കുകയും പ്രതിയെ തള്ളിപ്പറയുകപോലും ചെയ്യാതിരുന്ന ചെന്നിത്തലയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

എൻജിഒ അസോസിയേഷൻ കാറ്റഗറി സംഘടനയായ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ പ്രദീപ് കുമാർ. കോവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിന് അധിക ചുമതല നൽകിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരിൽ കേസുണ്ട്. പ്രദീപ് കുമാർ പ്രദേശത്തെ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bCDMOV

Comments

Archive

Contact Form

Send