ജ്വല്ലറിത്തട്ടിപ്പ്: മഞ്ചേശ്വരം എംഎൽഎക്കെതിരെ കൂടുതൽ പരാതി
തൃക്കരിപ്പൂർ> ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെപേരിൽ തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ കൂടുതൽ നിക്ഷേപകർ പരാതികളുമായെത്തി. വ്യാഴാഴ്ച നാല് കേസുകൂടി രജിസ്റ്റർചെയ്തു. ഇതോടെ ഏഴ് പരാതികളിൽ പൊലീസ് കേസടുത്തു.
ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മുട്ടം വെങ്ങരയിലെ നാലകത്ത് അബ്ദുൾറഹിമാൻ( 15 ലക്ഷം), കാടങ്കോട് സ്വദേശികളായ കെ എം മഹമൂദ്, കദീജ (പത്ത് ലക്ഷം ), കെ സി അബ്ദുൾറസാഖ് (10 ലക്ഷം) എന്നിവരാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്. നേരത്തെ കാടങ്കോട്ടെ അബ്ദുൾഷുക്കൂർ (30 ലക്ഷം,) എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരും പരാതി നൽകിയിരുന്നു. ഫാഷൻ ഗോൾഡ് ചെയർമാനായ എംഎൽഎ, മുസ്ലിംലീഗ് നേതാവും ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ ടി കെ പൂക്കോയതങ്ങൾ എന്നിവർക്കെതിരെയാണ് കേസ്
എണ്ണൂറോളം നിക്ഷേപകരുള്ള ഫാഷൻ ഗോൾഡിനു വേണ്ടി 150 കോടിയോളം രൂപ സമാഹരിച്ചതായാണ് പ്രാഥമിക നിഗമനം. ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ബ്രാഞ്ചുകൾ ജനുവരിയിൽ പൂട്ടി. ഇവയുടെപേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി.
Credits Kerala || Deshabhimani Online News https://ift.tt/34ZtNC8
Comments