രാം മാധവടക്കം പുറത്ത്; ബിജെപിയില്‍ ഷാ ഭരണം
ന്യൂഡൽഹി > ആർഎസ്എസിൽനിന്ന് എത്തിയ മുതിർന്ന നേതാവ് രാം മാധവ് അടക്കം പല പ്രമുഖരെയും തഴഞ്ഞ് ബിജെപി കേന്ദ്രനേതൃത്വത്തിൽ അഴിച്ചുപണി. ജെ പി നഡ്ഡ അധ്യക്ഷനായി ഒമ്പതാംമാസമുള്ള നേതൃമാറ്റത്തില് അമിത് ഷായ്ക്ക് ഭീഷണിയായേക്കാവുന്ന നേതാക്കളെ വെട്ടിമാറ്റി. കൂറുമാറ്റക്കാര്ക്ക് പരിഗണന കിട്ടി. കോണ്‍ഗ്രസ് വിട്ടെത്തിയ അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷപദവിയിൽ വാഴിച്ചു. തൃണമൂൽ വിട്ടെത്തിയ മുകുൾ റോയി ഉപാധ്യക്ഷനായി.
ആർഎസ്എസുമായി കൂടിയാലോചിക്കാതെ അമിത് ഷായുടെ വിശ്വസ്തർക്ക് പരിഗണന നല്കിയുള്ള അഴിച്ചുപണിയില് ബിജെപിക്കുള്ളില് ശക്തമായ വിമര്ശമുയരുന്നു. രാം മാധവിനു പുറമെ പി മുരളീധർ റാവു, സരോജ് പാണ്ഡെ, അനിൽ ജയിൻ തുടങ്ങിയവർ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടപ്പോൾ ശിവ്രാജ് സിങ് ചൗഹാൻ, ഉമ ഭാരതി, പ്രഭാത് ഝാ, വിനയ് സഹസ്രബുദ്ധെ, ഓംപ്രകാശ് മാഥൂർ, ശ്യാം ജജു, അവിനാശ്റായ് ഖന്ന തുടങ്ങിയ പ്രമുഖർ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെറിച്ചു. യുവമോർച്ച അധ്യക്ഷപദവിയിൽനിന്ന് പൂനം മഹാജനെ മാറ്റി തീവ്രവർഗീയവാദിയും മോഡി ഭക്തനുമായ തേജസ്വി സൂര്യയെ നിയമിച്ചു.
ഏതാനും വർഷമായി അമിത് ഷായുമായി ഇടഞ്ഞുനിൽക്കുകയാണ് രാം മാധവ്. വടക്കുകിഴക്കൻ മേഖലകളിലും കശ്മീരിലും രാം മാധവ് നടത്തുന്ന ഇടപെടലാണ് ഷായെ ക്ഷുഭിതനാക്കിയത്.പല വിദേശനയതന്ത്രപ്രതിനിധികളുമായും രാം മാധവിനുള്ള സൗഹൃദവും ഷാ ഇഷ്ടപ്പെടുന്നില്ല. രാം മാധവുമായുള്ള അടുപ്പമാണ് ദക്ഷിണേന്ത്യന് നേതാവായ മുരളീധർ റാവുവിന് വിനയായത്.
Credits National || Deshabhimani Online News https://ift.tt/3j1CcJr
Comments