തൊടുപുഴയിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ച ഏഴു പേർ അറസ്റ്റിൽ
തൊടുപുഴ> ജനയുഗം ഇടുക്കി ജില്ലാ ലേഖകൻ ജോമോൻ വി സേവ്യറിനെ ക്രൂരമായി മർദ്ദിച്ച കേസിൽ ഏഴു പ്രതികളെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംപാറ പുലിപറമ്പിൽ ബിപിൻ (27), നെയ്യശേരി കീഴേപുരയ്ക്കൽ അർജുൻ അജി (21), ഏഴല്ലൂർ പെരുമ്പാറയിൽ ഷെമന്റോ (19), ശാസ്താംപാറ കൂറ്റോലിക്കൽ ശ്യാം (21), നെയ്യശേരി കാരകുന്നേൽ ആരോമൽ ഷാജി (21), കാരിക്കോട് കാരകുന്നേൽ ഷിനിൽ (23), ഏഴല്ലൂർ പെരുമ്പാറയിൽ ഫ്ളമന്റ് പി ജോസഫ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതികൾ
സൈബർ സെല്ലിന്റെ സഹായത്തോടെ വണ്ണപ്പുറം അമ്പലപ്പടിയിൽ നിന്നാണ് കരിമണ്ണൂർ എസ്ഐ കെ സിനോദിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. കഞ്ചാവ്, അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ജോമോന് പുറമെ രണ്ടു യുവാക്കളെയും സംഭവസ്ഥലത്ത് പ്രതികൾ മർദ്ദിച്ചിരുന്നു. ഇതിനും കേസുണ്ട്. പ്രതികൾ വണ്ണപ്പുറത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് മഫ്തിയിലെത്തി വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ബലമായി കീഴ്പ്പെടുത്തി.
തലയ്ക്കും മുഖത്തും കണ്ണിനും പരിക്കേറ്റ് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ജോമോനെ ഡോക്ടറുടെ അനുമതിയോടെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമിച്ചവരെ ജോമോൻ തിരിച്ചറിഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
ആഗസ്ത് 31 രാത്രി 10 ന് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ജോമോനെ സംഘം ചേർന്ന് ആക്രമിച്ചത്. പ്രതികൾക്ക് എതിരെ തൊടുപുഴ, കാളിയാർ പൊലീസ് സ്റ്റേഷനുകളിൽ വിവിധ ക്രിമിനൽ കേസുകൾ ഉണ്ടെന്നും കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും എസ്ഐ കെ സിനോദ് പറഞ്ഞു. എഎസ്ഐ ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ ജോബിൻ കുര്യൻ, അജിൻസ്, വിജയാനന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടി വധശ്രമത്തിന് കേസെടുക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3jLUHla
Comments