ജോസഫിനൊപ്പം ചേര്‍ന്ന ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരായേക്കും; ജോസ് നിയമ നടപടിക്ക് ഒരുങ്ങുന്നു
പാലാ > കേരള കോണ്ഗ്രസ് എം പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ശേഷം പി ജെ ജോസഫിനൊപ്പമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്ങ്മൂലം നല്കിയ ജനപ്രതിനിധികളും പാര്ട്ടി വിട്ട് മറുചേരികളില് ചേർന്നവർക്കും അയോഗ്യത ഉണ്ടാവുമെന്ന് സൂചന നല്കി പാർടി നിയമനടപടിക്ക് ഒരുങ്ങുന്നു. അയോഗ്യത ഇല്ലാതാവണമെങ്കില് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ജോസ് കെ മാണി എംപി ചെയർമാനായുള്ള ഔദ്യോഗിക പാർടിയോട് കൂറു പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ജോസ് കെ മാണി ചെയര്മാനായ കേരളാ കോണ്ഗ്രസ് എമ്മിനെ അംഗീകരിച്ച് ഉത്തരവ് വന്നതോടെ പാര്ടി വിട്ട ത്രിതല പഞ്ചായത്ത് അംഗങ്ങള് പിന്തുണയുമായി ജോസ് കെ മാണിയുടെ മുമ്പില് എത്തിയിരുന്നു. തെറ്റിദ്ധാരണകളുടെയും പ്രലോഭനങ്ങളിലൂടെയും പാര്ട്ടി വിട്ടവര്ക്ക് ഉപാധികളില്ലാതെ തിരികെ വരാന് അവസരം നല്കാനാണ് ധാരണ. ഇതിന് തയാറാകാതെ വിട്ടു നിൽക്കുന്നവരെ അയോഗ്യരാക്കാന് നിയമ നടപടിയും സ്വീകരിക്കും.
ഇതിനു മുമ്പായി അതാതു സ്ഥാപനങ്ങളിലെ പാര്ട്ടി പ്രതിനിധികളുടെ യോഗം പ്രത്യേകം വിളിച്ചു ചേര്ക്കും. പങ്കെടുക്കാത്തവര്ക്കെതിരെ നടപടി ഉണ്ടാവും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന നിരവധി സിറ്റിംഗ് മെമ്പര്മാരെ പാര്ട്ടി നടപടിക്ക് വിധേയരാവേണ്ടി വരും. കൂറുമാറ്റ ചട്ടപ്രകാരം അയാഗ്യരാവുന്നവര് ആറ് വര്ഷത്തേക്ക് തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് അയോഗ്യരാവും. കേരള കോണ്ഗ്രസ് എം തീരുമാനം പലരെയും മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കുന്നതിനും ഇടയാക്കും.
ജോസഫ് വിഭാഗമെന്ന് പ്രഖ്യാപിച്ച് മാറിയവർക്ക് സ്ഥാനത്ത് തുടർന്നുകൊണ്ട് മറ്റൊരു പാർടിയുടെ പ്രതിനിധിയായി നിൽക്കാനാവില്ല. പാർടിവിട്ട ജനപ്രതിനിധികളല്ലാത്ത പാർടി നേതാക്കൾക്കും പ്രവർത്തകർക്കും കേരള കോൺഗ്രസ് എമ്മിന്റെ പേരിൽ മത്സരിക്കാനുമാവില്ല. എതിർ വിഭാഗത്തിന് പുതിയ പാർടി പ്രഖ്യാപിക്കും വരെ സ്വതന്ത്രമായി മാത്രമെ പ്രവര്ത്തിക്കാനുമാകൂ എന്നാണ് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് ജോസഫ് വിഭാഗത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2YSHsHe
Comments