എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ്: ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കാസർകോട് > മുസ്ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ് കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. 800 ഓളം നിക്ഷേപകരിൽ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഇരുപതിലേറെ കേസുകൾ ഖമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്.

2003ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചെറുവത്തൂരിൽ എം സി ഖമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ് പൂക്കോയ തങ്ങൾ. പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ, ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്, നുജൂം ഗോൾഡ് എന്നീ കമ്പനികളായി രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്തു. ഓരോ വർഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആർഒസിയിൽ സമർപ്പിക്കണം. എന്നാൽ 2017 മുതൽ ഒരു വിവരവും ഫയൽ ചെയ്തിട്ടില്ല. പണം നൽകിയ ചിലർക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.

ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടുനൽകിയാണ് മിക്കവരിൽനിന്നും പണം വാങ്ങിയത്. 132 കോടി രൂപ പൂർണമായും കമ്പനിയുടെ അക്കൗണ്ടിൽ വരവുവച്ചിട്ടില്ല. തലശേരിയിലെ മറ്റൊരു ജ്വല്ലറിയിൽ നിക്ഷേപിച്ച് ലക്ഷങ്ങൾ ലാഭവിഹിതം വാങ്ങിയിട്ടുമുണ്ട്. കമ്പനി പ്രവർത്തനം നിലക്കുന്നതിന് മുമ്പ് കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും വിറ്റു. 2017ൽ കച്ചവടം നിലച്ചിട്ടും 2019 ജൂൺവരെ ജ്വല്ലറിയുടെ പേരിൽ പണം കൈപ്പറ്റി. മത സംഘടനയിലും ലീഗിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ് ജ്വല്ലറിയുടെ തലപ്പത്ത് എന്നതിനാലാണ് പലരും ലക്ഷങ്ങൾ നൽകിയത്.

കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൂക്കോയ തങ്ങൾക്കും ഖമറുദ്ദീനുമെതിരെ കേസെടുത്തത്. ഫാഷൻ ഗോൾഡിന്റെ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി. കഴിഞ്ഞ വർഷം ആഗസ്ത് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയില്ല.

പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയതെന്നാണ് ആരോപണം. 800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപ്പന നടത്തിയിരുന്നു.

വൻതട്ടിപ്പ് പുറത്തുവന്നിട്ടും ലീഗ് നേതൃത്വം കുറ്റവാളികളെ സംരക്ഷിക്കുകയാണ്. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി ഇതേ സംഘം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. വഖഫ് ഭൂമി രജിസ്റ്റർ ചെയ്തു സ്വന്തമാക്കിയത് വിവാദമായപ്പോൾ തിരിച്ചുനൽകി. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ ഭൂമി കാണിച്ച് ഇവരുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജിന് കണ്ണൂർ സർവകലാശാലയിൽനിന്ന് അഫിലിയേഷൻ വാങ്ങാനും ശ്രമമുണ്ടായി.




Credits Kerala || Deshabhimani ​Online ​News https://ift.tt/3i7yOfB

Comments

Archive

Contact Form

Send