‘മാധ്യമങ്ങള്‍ മരിച്ചു; ദുഃഖമുണ്ട്’; വായനക്കാരന്റെ പ്രതിഷേധം
ന്യൂഡൽഹി
രാജ്യത്തെ സമകാലീന യാഥാര്ഥ്യങ്ങള് പ്രമുഖമാധ്യമങ്ങള് കണ്ടില്ലെന്ന് നടിക്കുമ്പോള്, മാധ്യമങ്ങളുടെ ചരമപ്പരസ്യം നല്കി വായനക്കാരന്റെ പ്രതിഷേധം. ദ ഹിന്ദു പത്രത്തിന്റെ ഡൽഹി എഡിഷനിലാണ് ‘മിസിസ് മാധ്യമത്തിന്റെ ’ മരണം അറിയിച്ച് പരസ്യം വന്നത്. ഡൽഹി സ്വദേശി കാർത്തിക്സാഹ്നിയാണ് പരസ്യം നൽകിയത്. ‘തീവ്രമായ ദുഃഖത്തോടെ ഞങ്ങൾ മിസിസ് എം ഇ ഡിയയുടെ മരണം അറിയിച്ചുകൊള്ളുന്നു. ഇ ഇ ഡോമിന്റെ (എഫ്ആർ) പ്രിയ പുത്രിയും ടി റൂത്തിന്റെ ഭാര്യയുമായ എം ഇ ഡിയ എട്ടാം തീയതി ഡൽഹിയിലാണ് മരണമടഞ്ഞത്. ദുഃഖാർത്തരായ സുഹൃത്തുക്കളും കുടുംബവും’’–- എന്നാണ് പരസ്യത്തിലുള്ളത്. എം ഇ ഡിയ എന്നാൽ ‘മീഡിയ’ (മാധ്യമം), ഇഇ ഡോം (എഫ്ആർ) എന്നാൽ ‘ഫ്രീഡം’ (സ്വാതന്ത്ര്യം), ടി റൂത്ത് എന്നാൽ ‘ട്രൂത്ത്’ (സത്യം) എന്നാണ് പരസ്യവാചകത്തിലെ ഗൂഢാർഥം. ‘തീവ്രമായ ദുഃഖത്തോടെ മിസിസ് മാധ്യമത്തിന്റെ മരണം അറിയിച്ചുകൊള്ളുന്നു.
സ്വാതന്ത്ര്യത്തിന്റെ പ്രിയ പുത്രിയും സത്യത്തിന്റെ ഭാര്യയുമായ മാധ്യമം എട്ടാം തീയതി ഡൽഹിയിലാണ് മരണമടഞ്ഞത്. ദുഃഖാർത്തരായ സുഹൃത്തുക്കളും കുടുംബവും’’–- എന്നാണ് പരസ്യത്തിലെ യഥാർഥ സന്ദേശം. ‘സമ്പദ്ഘടന തകർന്നു. അതിഥിത്തൊഴിലാളികൾ വൻദുരിതത്തില്. ആരോഗ്യമേഖല പ്രതിസന്ധിയില്. എന്നാൽ, പ്രമുഖ ചാനലുകളുടെ ഒമ്പത് മണി ചർച്ചകളിൽ ഇതൊന്നുമില്ല. മാധ്യമങ്ങൾ മരിച്ചെന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്’’–- കാർത്തിക് പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂണിൽ ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിൽ ജനാധിപത്യത്തിന്റെ മരണം പ്രഖ്യാപിച്ചുള്ള ചരമപരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ‘‘ടി റൂത്തിന്റെ പ്രിയ ഭർത്താവും എൽ ഐ ബെർട്ടിയുടെ സ്നേഹമുള്ള പിതാവും ഫെയ്ത്ത്, ഹോപ്പ്, ജസ്റ്റീസ് എന്നിവരുടെ സഹോദരനുമായ ഡി’ ഒ ക്രേസി–- ഡിഇഎം 26 ജൂണിൽ അന്തരിച്ചു’’ –- എന്നായിരുന്നു അറിയിപ്പ്. ‘സത്യത്തിന്റെ ഭർത്താവും സ്വാതന്ത്ര്യത്തിന്റെ പിതാവും വിശ്വാസം, പ്രതീക്ഷ, നീതി എന്നിവരുടെ സഹോദരനുമായ ജനാധിപത്യം 26 ജൂണിൽ അന്തരിച്ചു’–- എന്ന സന്ദേശമാണ് ചരമപരസ്യത്തിൽ ഒളിപ്പിച്ചിരുന്നത്. റീഡേഴ്സ് ഡൈജസ്റ്റ് ഇന്ത്യൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ അശോക് മഹാദേവനാണ് പരസ്യം നൽകിയതെന്ന് പിന്നീട് വെളിപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/3htGvvs
Comments