ഇനിയും കോൺഗ്രസിൽ തുടർന്നാൽ മകന്റെ ആത്മാവ് പൊറുക്കില്ല ; പാപ്പച്ചായനും കുടുംബവും പാർടി വിട്ടു
കോഴഞ്ചേരി
ഇനിയും കോൺഗ്രസിൽ തുടർന്നാൽ കൊല്ലപ്പെട്ട മകന്റെ ആത്മാവ് പോലും പൊറുക്കില്ലെന്ന് എൺപത്തിമൂന്നുകാരനായ പാപ്പച്ചായൻ. ‘കോൺഗ്രസുകാരുടെ കൈയാൽതന്നെ 18 കാരനായ മകൻ കൊല്ലപ്പെട്ടിട്ടും ആ പാർടിയിൽ തുടർന്നു. മൂന്നു തലമുറയായി ഞങ്ങൾ കോൺഗ്രസുകാരാ. എന്നാൽ ഇന്നത്തെ കോൺഗ്രസിൽ എങ്ങനെ തുടരാൻ കഴിയും’. മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കുമൊപ്പം സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ചടങ്ങിനിടയിലാണ് പാപ്പച്ചായൻ (മത്തായി തോമസ് ) തന്റെ വേദനകൾ പൊതുവേദിയിൽ തുറന്നുപറഞ്ഞത്.
‘ഇപ്പോൾ കോൺഗ്രസും ബിജെപിയും ഏതെന്നറിയാൻ പറ്റില്ല. ഏത് നല്ല കാര്യത്തിനും എതിരുനിൽക്കുന്നു. ഞങ്ങടെ വീട്ടിലും കോവിഡ് വന്നു. എന്നാൽ ഒരു കോൺഗ്രസുകാരനേം കണ്ടില്ല. സർക്കാർ ചെയ്യുന്നത് നല്ല കാര്യങ്ങളാ. ചത്താൽ അടക്കാൻ പോലും സിപിഎമ്മുകാരേയുള്ളു. അതാ ഞങ്ങള് മാർക്സിസ്റ്റാകുന്നേ.’ വാർധക്യത്തിലും പതറാത്ത കരുത്തുണ്ടായിരുന്നു പാപ്പച്ചായന്റെ വാക്കുകൾക്ക്.
കൊല്ലപ്പെട്ട ജിജിക്കുട്ടന്റെ സഹോദരൻ ഷാജി മാത്യു, ഭാര്യ ലിസി മാത്യു, ഷിജിൻ ഷാജി മാത്യു, ഷിബിൻ ഷാജി, മേരി മത്തായി, ജോമോൻ വർഗീസ്, റെയാൻ ജോമോൻ, ബിജി മാത്യു, ഭാര്യ ഡെയ്സി, കവലപ്ലാക്കൽ അനുരാജ്, മുട്ടോൺ ജോർജ് മാത്യു, മുട്ടോൺ ജോർജ് ജേക്കബ് എന്നിവരാണ് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് പ്രവർത്തകർ. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇവരെ മാല ചാർത്തി പാർടിയിലേക്ക് സ്വീകരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/35pUtfq
Comments