പ്രണബിന്‌ കിട്ടാതെ പോയത്‌ പ്രധാനമന്ത്രി പദം


ന്യൂഡൽഹി> മുപ്പത്തേഴ് വർഷം പാർലമെന്റ് അംഗമായ പ്രണബ് മുഖർജിക്ക് ലഭിക്കാതെ പോയത് പ്രധാനമന്ത്രി പദവിമാത്രം. പ്രധാനമന്ത്രിപദത്തിനരികിലെത്തിയത് ഒന്നിലേറെ തവണ. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് പാർലമെന്ററി പാർടിയോഗം സോണിയഗാന്ധിയെ നേതാവാക്കി. ബിജെപി സോണിയയുടെ ജന്മസ്ഥലം ഉന്നയിച്ച് പ്രചാരണം നടത്തിയതോടെ അവർ പിന്മാറി. പകരം നിര്ദേശിച്ചത് മൻമോഹൻസിങ്ങിനെ.

‘സഖ്യകക്ഷി വർഷങ്ങൾ’ എന്ന പുസ്തകത്തിൽ പ്രണബ് ഇങ്ങനെ എഴുതി: സോണിയ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ എനിക്കായിരിക്കും അവസരം എന്നായിരുന്നു പൊതുവായ പ്രതീക്ഷ. വിപുലമായ അനുഭവസമ്പത്താണ് പ്രതീക്ഷയ്ക്ക് അടിസ്ഥാനമായത്; ഏറെക്കാലം സിവിൽ സർവീസ് ഉദ്യോഗസ്ഥനും അഞ്ച് വർഷത്തെ പരിഷ്കരണവാദിയായ ധനമന്ത്രിയും എന്നതായിരുന്നു മൻമോഹൻസിങ്ങിന്റെ പരിചയം.

ഞാൻ ധനമന്ത്രിയായിരിക്കെ കീഴ്ഉദ്യോഗസ്ഥനായ മൻമോഹൻസിങ് നയിക്കുന്ന സർക്കാരിൽ മന്ത്രിയായി ഞാൻ ചേരില്ലെന്ന് വാർത്ത വന്നു. സർക്കാരിൽ അംഗമാകാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല, ഇക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചു. എന്നാൽ, അവര് നിർബന്ധിച്ചു. മൻമോഹൻസിങ് പ്രധാനപ്പെട്ട എല്ലാ കാര്യവും ഞാനുമായി ചർച്ച ചെയ്യുകയും അദ്ദേഹം എന്നെ ആശ്രയിക്കുന്നതായി തോന്നുകയും ചെയ്തു’’.

മന്മോഹന്റെ സാമ്പത്തികനയത്തോട് വിയോജിപ്പുള്ളതിനാൽ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രണബ് സോണിയയെ അറിയിച്ചു. ആഭ്യന്തര, വിദേശകാര്യ വകുപ്പുകളിൽ ഏതെങ്കിലുമാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് പ്രതിരോധം. കോഴവിവാദത്തിൽ നട്വർസിങ് രാജിവച്ചതോടെ 2005 ഡിസംബറിൽ പ്രണബ് വിദേശമന്ത്രാലയത്തിലെത്തി. 2009 ജനുവരിയിൽ മൻമോഹൻസിങ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായപ്പോൾ പ്രണബിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല ലഭിച്ചു.

ധനമന്ത്രി എന്ന നിലയിൽ എടുത്ത തീരുമാനങ്ങൾ രണ്ടാം യുപിഎ സർക്കാരിന്റെ വരവിന് കാരണമായെന്ന് പ്രണബ് അവകാശപ്പെട്ടിട്ടുണ്ട്.2012ൽ പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ച കോൺഗ്രസ് നേതൃത്വം രാഷ്ട്രീയഅബദ്ധമാണ് കാണിച്ചതെന്ന് കരുതുന്നവർ ഏറെ. പ്രായോഗികമതിയായ നേതാവിനെയാണ് ഭരണതലത്തിൽ കോൺഗ്രസ് നഷ്ടപ്പെടുത്തിയത്.
--



Credits National || Deshabhimani ​Online ​News https://ift.tt/2Zb6bXF

Comments

Archive

Contact Form

Send