കൊച്ചിയിലെ ഗതാഗതം സ്മാര്‍ട്ടാക്കി കെല്‍ട്രോണ്‍; സ്വയം നിയന്ത്രിത ട്രാഫിക് സംവിധാനം അടുത്തമാസം മുതൽ
തിരുവനന്തപുരം> കൊച്ചി നഗരത്തില്‍ തിരക്കനുസരിച്ചു സ്വയം പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനം അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. സ്മാര്‍ട്ട് മിഷന് പദ്ധതിയുടെ ഭാഗമായി വ്യവസായ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണാണ് ടെക്നോളജി ബേയ്സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) ഒരുക്കിയത്. ട്രാഫിക്ക് സിഗ്നല്‍ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎംഎസ് സഹായിക്കും. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമാണ് ഐ ടി എം എസ്. അടുത്തമാസം ആദ്യം ഉദ്ഘാടനം നടക്കും.
റോഡിലെ വാഹനത്തിരക്ക് കണക്കാക്കി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍, കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്മെന്റ്, നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ ഒരുക്കിയത്.

വാഹനങ്ങള്‍ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ഥ പരിഗണന നല്‍കിയാണ് വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുക. റഡാര്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നല്‍ സമയം ക്രമീകരിക്കും. കൊച്ചി നഗരസഭാ പരിധിയിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നലുകള്‍ സ്ഥാപിച്ചത്.
സെന്‍ട്രല്‍ കണ്ട്രോള് സിസ്റ്റം വഴി ഐടിഎംഎസ് സ്ഥാപിച്ച ജംഗ്ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തില്‍ നിന്ന് നടത്താനാകും. മുഴുവന്‍ കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ കാണാനും ആവശ്യമായ പരിഷ്കരണങ്ങള്‍ നടത്താനും ഇതിലൂടെ കഴിയും. വിഐപി സന്ദര്‍ശന വേളകളിലും മറ്റും പൊലീസിനെ വിന്യസിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥിതിക്ക് ഇതോടെ പരിഹാരമാകും.
ഗതാഗത നിയമ ലംഘകരെ കണ്ടെത്താനും റെഡ് ലൈറ്റ് ലംഘകരെ പിടിക്കാനും നഗരത്തിലെ 35 കേന്ദ്രങ്ങളില്‍ നവീന ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്കാകും. റവന്യൂ ടവറില്‍ ഒരുക്കുന്ന കണ്ട്രോള് സെന്ററില്‍ ഗതാഗതം നിരീക്ഷിക്കും. നിര്‍ദേശങ്ങള്‍ നല്‍കാനും സൗകര്യമുണ്ട്. 5 വര്‍ഷത്തെ പരിപാലനവും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവുമുള്‍പ്പടെ 26 കോടി രൂപയ്ക്കാണ് പദ്ധതി കെല്‍ട്രോണ്‍ നടപ്പാക്കിയത്. പൊലീസിനാണു ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന്റെ ചുമതല. പുതിയ സംവിധാനം ഒരുങ്ങുന്നതോടെ ഗതാഗത നിയന്ത്രണത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്ന പൊലീസുകാരുടെ പത്തിലൊന്നു മതിയാവും.
Credits Kerala || Deshabhimani Online News https://ift.tt/2ZXvs81
Comments