കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച കോൺഗ്രസുകാരനെ ന്യായീകരിച്ച് ചെന്നിത്തല; പ്രതിഷേധം
തിരുവനന്തപുരം > കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടറെ ന്യായീകരിച്ചും സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റിലായ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്. 'ഡിവൈഎഫ്ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ' എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പീഡനത്തെ നിസാരവത്കരിക്കുകയും പ്രതിയെ തള്ളിപ്പറയുകപോലും ചെയ്യാതിരുന്ന ചെന്നിത്തലയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
എൻജിഒ അസോസിയേഷൻ കാറ്റഗറി സംഘടനയായ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ പ്രദീപ് കുമാർ. കോവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിന് അധിക ചുമതല നൽകിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരിൽ കേസുണ്ട്. പ്രദീപ് കുമാർ പ്രദേശത്തെ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. മലപ്പുറത്ത് ഹോം നേഴ്സായി ജോലിചെയ്തിരുന്ന യുവതി നാട്ടിലെത്തിയശേഷം വെള്ളറടയിലുള്ള ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ജോലി സ്ഥലത്തേക്ക് മടങ്ങാൻ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചു. സർട്ടിഫിക്കറ്റിനായി ഭരതന്നൂരിലെ വീട്ടിലെത്താൻ പ്രദീപ് കുമാർ നിർദേശിച്ചു. വീട്ടിൽ എത്തിയപ്പോഴായിരുന്നു ക്രൂരമായി പീഡിപ്പിച്ചത്.
കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിക്കയറ്റി പല പ്രാവശ്യം പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് വെള്ളറട പൊലീസിന് മൊഴി നൽകി. സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പാങ്ങോട് പൊലീസിന് കേസ് കൈമാറി. സിഐ സുനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച ഭരതന്നൂരിലെ വാടകവീട്ടിൽനിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഉഉടൻതന്നെ സർവീസിൽനിന്ന് സസ്പെൻഡും ചെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/2ZiPqd0
Comments