അതിർത്തി ചൈന അംഗീകരിക്കുന്നില്ല, ലഡാക്കിൽ വെല്ലുവിളി നേരിടുന്നു : രാജ്നാഥ്
ന്യൂഡൽഹി> നിലവിലെ അതിർത്തി അംഗീകരിക്കാൻ ചൈന തയ്യാറല്ലെന്നും ലഡാക്കിൽ രാജ്യം വെല്ലുവിളി നേരിടുകയാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വ്യക്തമായ ഭൂമിശാസ്ത്രതത്വങ്ങളുടെയും ഉടമ്പടികളുടെയും അടിസ്ഥാനത്തിലുള്ളതാണ് നിലവിലെ അതിർത്തി നിർണയമെന്ന് ഇന്ത്യ കരുതുന്നതായും പാർലമെന്റിൽ രാജ്നാഥ് സിങ് വ്യക്തമാക്കി.
സംയമനം ആവശ്യമായ സങ്കീർണ വിഷയമാണ് അതിർത്തിത്തർക്കം. 1950കൾ മുതൽ ചർച്ചകൾ നടത്തിവരികയാണ്.
ലഡാക്കിൽ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേ ശം ചൈന കൈയടക്കിയിട്ടുണ്ട്. പാക് അധീന കശ്മീരിൽ ഇന്ത്യക്ക് അവകാശപ്പെട്ട 5180 ചതുരശ്ര കീലോമീറ്ററും ചൈനയുടെ നിയന്ത്രണത്തിലാണ്. അരുണാചൽപ്രദേശിൽ 90,000 ചതുരശ്ര കിലോമീറ്റർ ചൈന അവകാശപ്പെടുന്നു. യഥാർഥ നിയന്ത്രണരേഖ (എൽഎസി)യിൽ ഇരുരാജ്യവും സൈനികരെ കുറഞ്ഞ അളവിൽമാത്രമേ വിന്യസിക്കാവൂ എന്നതാണ് 1993, 96 കരാറുകളിലെ വ്യവസ്ഥ. ഇത് പാലിക്കേണ്ടത് അതിർത്തിപ്രശ്നം പരിഹരിക്കാൻ അനിവാര്യമാണ്.
കഴിഞ്ഞ ഏപ്രിൽമുതൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന സൈനികസാന്നിധ്യം വർധിപ്പിച്ചു. മേയിൽ ഇന്ത്യയുടെ പട്രോൾ സംഘങ്ങളെ തടസ്സപ്പെടുത്താൻ അവർ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് എൽഎസി കടക്കാൻ അവർ പലതവണ ശ്രമിച്ചെങ്കിലും ഇന്ത്യൻസേന ചെറുത്തു. ഇരുപക്ഷത്തെയും മുതിർന്ന കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സേനാപിന്മാറ്റം നടക്കവെയാണ് ജൂൺ 15ന് ഗൽവാനിലെ ഏറ്റുമുട്ടൽ.
നയതന്ത്ര, സൈനിക ചർച്ചകൾവഴി പ്രശ്നം പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. അതേസമയം, രാജ്യത്തിന്റെ സുരക്ഷാതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മതിയായ സേനാവിന്യാസം അതിർത്തിയിൽ നടത്തിയിട്ടുണ്ട്. അതിർത്തിമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചുവരികയാണ്. ചൈനയുടെ നിലപാടിലുള്ള ആശങ്ക അവരുടെ പ്രതിരോധമന്ത്രിയെ മോസ്കോയിൽ കണ്ടപ്പോൾ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും -രാജ്നാഥ് സിങ് പറഞ്ഞു.മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപോയി.
Credits National || Deshabhimani Online News https://ift.tt/2ZGUisK
Comments