പ്രണബ്...വൻ വീഴ്ചകളും തിരിച്ചുവരവും
ന്യൂഡൽഹി> ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ രാജീവ്ഗാന്ധിക്കൊപ്പം പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു പ്രണബ് മുഖർജി. വാർത്തയറിഞ്ഞ് ഡൽഹിയിലേക്ക് വരുമ്പോൾ ആരെ പ്രധാനമന്ത്രിയാക്കണമെന്ന രാജീവിന്റെ ചോദ്യത്തിന്, ഏറ്റവും മുതിർന്ന മന്ത്രിമാരെയാണ് നെഹ്റുവും ശാസ്ത്രിയും മരിച്ചപ്പോൾ താൽക്കാലിക പ്രധാനമന്ത്രിയാക്കിയതെന്ന ഉത്തരമാണ് പ്രണബ് നൽകിയത്. സ്വയം പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹപ്രകടനമായാണ് ഈ അഭിപ്രായം രാജീവും ഉപജാപകവൃന്ദവും വായിച്ചെടുത്തത്.
കുടുംബവാഴ്ചയെ എതിർക്കുന്നവൻ എന്ന പേരുവീണ മുഖർജിയെ രാജീവ് കോൺഗ്രസിൽനിന്ന് പുറത്താക്കി. സർക്കാർ അദ്ദേഹത്തിന്റെ പാസ്പോർട്ട് പിടിച്ചെടുക്കുകയും ഡൽഹിയിലെയും കൊൽക്കത്തയിലെയും വീട്ടിൽ റെയ്ഡ് നടത്തുകയുംചെയ്തു. പ്രണബിന്റെ പിതാവും കോൺഗ്രസ് നേതാവുമായ കെ കെ മുഖർജി അന്തരിച്ചപ്പോൾ അനുശോചനസന്ദേശം അയക്കാൻപോലും രാജീവ് തയ്യാറായില്ല. തുടർന്ന് 'രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ്'ഉണ്ടാക്കി 87ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രണബ് മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും ലഭിച്ചില്ല. 87ൽ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് 93ലാണ് രാജ്യസഭയിലൂടെ പാർലമെന്റിലെത്തുന്നത്.
1969നും 2012നും ഇടയിൽ ഈ ആറുവർഷം മാത്രമാണ് പ്രണബ് പാർലമെന്റ് അംഗമാകാതിരുന്നത്. ജി കെ മൂപ്പനാരുടെ മധ്യസ്ഥതയിലാണ് രാജീവിന്റെ അവസാനഘട്ടത്തിൽ എഐസിസി വക്താവ് എന്ന നിലയിൽ മുഖർജി തിരിച്ചുവന്നത്. നരസിംഹറാവു പ്രധാനമന്ത്രിയായതോടെ വീണ്ടും ശക്തനായി. ആദ്യം ആസൂത്രണകമീഷൻ ഉപാധ്യക്ഷൻ. പിന്നീട് ധനമന്ത്രിയായി. സീതാറാം കേസരിയെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി 98ൽ സോണിയ ഗാന്ധിയെ നിയമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രണബാണ്. സോണിയയുടെ വിദേശജന്മ പ്രശ്നം ഉയർത്തി പ്രവർത്തകസമിതി അംഗങ്ങളായ ശരദ് പവാറും പി എ സാങ്മയും താരീഖ് അൻവറും കലാപക്കൊടി ഉയർത്തിയപ്പോൾ മൂവരെയും പുറത്താക്കാൻ മുന്നിൽ നിന്നു. 2004ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ. എന്നാൽ, പ്രധാനമന്ത്രി പദം നൽകാൻ നേതൃത്വം തയ്യാറായില്ല. ഒടുവിൽ ബാഹ്യസമ്മർദത്തെ തുടർന്നാണ് പ്രണബിനെ രാഷ്ട്രപതിയാക്കാൻ സോണിയ സമ്മതിച്ചത്.
ഒന്നും രണ്ടും യുപിഎ സർക്കാരിന്റെ പ്രധാന പ്രശ്നപരിഹാരകൻ പ്രണബ് ആയിരുന്നു. 2004ൽ അധികാരത്തിൽ വന്നതിനുശേഷം സ്പെക്ട്രം അഴിമതി തുടങ്ങി 183 വിഷയങ്ങളിൽ ചെറുതും വലുതുമായ മന്ത്രിതലസമിതി രൂപീകരിച്ചപ്പോൾ 83ന്റെയും തലവനാക്കി. മികച്ച പാർലമെന്ററിയൻ എന്ന രീതിയിലും പേരെടുത്ത പ്രണബ് 44 വർഷംനീണ്ട രാഷ്ട്രീയ ജീവിതത്തിൽ വിദേശം, പ്രതിരോധം, ധനം, വാണിജ്യം തുടങ്ങി പ്രധാന വകുപ്പുകളെല്ലാം കൈകാര്യംചെയ്തു. വൻവീഴ്ചകളും തിരിച്ചുവരവുകളും ഉൾക്കരുത്തേകിയ നാൾവഴികൾക്കൊടുവിലാണ് റെയ്സീന കുന്നിലെ രാഷ്ട്രപതിഭവന്റെ വാതിലുകൾ തുറക്കപ്പെട്ടത്.
അധ്യാപകനായും പത്രപ്രവർത്തകനായും ഔദ്യോഗിക ജീവിതം തുടങ്ങി രാഷ്ട്രീയത്തിലെ അതികായകനായി മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 69ൽ വി കെ കൃഷ്ണമേനോൻ മിഡ്നാപ്പുർ ലോകസഭാമണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഏജന്റായാണ് പ്രണബ് എന്ന പേര് ദേശീയശ്രദ്ധ നേടിയത്. ഇന്ദിരാഗാന്ധിയുടെ സ്നേഹവാത്സല്യങ്ങളാണ് രാഷ്ട്രീയഭാവിയ്ക്ക് വഴിതുറന്നതും. ഇന്ദിര തന്നെയാണ് രാജ്യസഭാംഗത്വം നൽകി പ്രണബിനെ കോൺഗ്രസിൽ എത്തിച്ചത്. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാൽകുത്തിയ ചരിത്രദിവസമാണ് താൻ രാജ്യസഭയുടെ പടികയറിയതെന്ന് പ്രണബ് ഓർക്കുമായിരുന്നു. തുടർന്ന് ധനസഹമന്ത്രിയായി. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിര തിരിച്ചുവന്നപ്പോൾ ധനമന്ത്രിയായും രാജ്യസഭാ നേതാവായും നിയമിച്ചു. എന്നാൽ, 84 ഒക്ടോബർ 31ന് ഇന്ദിര കൊല്ലപ്പെട്ടതോടെ പ്രണബിന്റെ രാഷ്ട്രീയഗ്രാഫും ഇടിഞ്ഞു.
Credits National || Deshabhimani Online News https://ift.tt/32LKMF7
Comments