ജീവിതമാണ് ലഹരിയെന്ന് പുതുതലമുറ തിരിച്ചറിയണം: ഐ എം വിജയന്‍
എറണാകുളം> ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവാണ് പുതുതലമുറക്ക് വേണ്ടതെന്ന് മുന് ഇന്ത്യന് ഫുട്ബോള് ടീം ക്യാപ്റ്റന് ഐ.എം. വിജയന്. വിമുക്തി ലഹരി വര്ജനമിഷന്, ഹയര് സെക്കന്ററി നാഷണല് സര്വ്വീസ് സ്കീം, ജില്ലാ സ്പോര്ട്സ് കൗണ്സില് എന്നിവ സംയുക്തമായി ഹയര് സെക്കണ്ടറി വിദ്യാര്ത്ഥികള്ക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാര് 'കാവലാള് ' എറണാകുളം ജില്ലാ തല ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ സ്വാധീനം വരും തലമുറയെ നശിപ്പിക്കാതിരിക്കാന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഇതിനായി സമൂഹം ജാഗ്രതയോടെ പ്രവര്ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അസി.എക്സൈസ് കമ്മീഷണര് ആന്റ് വിമുക്തി ജില്ലാ മാനേജര് ജി.സജിത്കുമാര് ആമുഖ പ്രഭാഷണം നടത്തി. ഹയര് സെക്കന്ററി എന്.എസ്.എസ്. സംസ്ഥാന കോര്ഡിനേറ്റര് ഡോ.ജേക്കബ് ജോണ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിന് മുഖ്യാതിഥിയായി.
എന്.എസ്.എസ് മധ്യമേഖലാ കോര്ഡിനേറ്റര് പി.ഡി.സുഗതന്, ജില്ലാ കോര്ഡിനേറ്റര് പി.കെ.പൗലോസ്, വിമുക്തി മിഷന് ജില്ലാ കോര്ഡിനേറ്റര് കെ.എ. ഫൈസല് തുടങ്ങിയവര് പ്രസംഗിച്ചു. അസി.എക്സൈസ് ഇന്സ്പെക്ടര് പിഎ. വിജയന് ക്ലാസ് നയിച്ചു വിദ്യാര്ത്ഥികളില് ലഹരി വര്ജന- പ്രതിരോധ ശീലം വളര്ത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. തേവര എസ്.എച്ച്, പൂത്തോട്ട കെ.പി.എം.എച്ച്എസ്.എസ് സ്കൂളുകളാണ് ഉദ്ഘാടന വെബിനാറില് പങ്കെടുത്തത്.
തുടര് ദിവസങ്ങളില് ജില്ലയിലെ 102 ഹയര് സെക്കന്ററി സ്്കൂളുകളിലും വെബിനാര് നടത്തും. ഇതുവഴി അയ്യായിരത്തോളം ഹയര് സെക്കന്ററി വിദ്യാര്ത്ഥികളില് ലഹരി വിരുദ്ധ പ്രചാരണം എത്തിക്കുകയാണ് ലക്ഷ്യം.
Credits Kerala || Deshabhimani Online News https://ift.tt/2Rix4UW
Comments