കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു; ആശ്വാസമായി തോട്ടപ്പള്ളി ഷട്ടര്‍ ഉയര്‍ത്തല്‍
മങ്കൊമ്പ്> കുട്ടനാട്ടില് വീണ്ടും ജലനിരപ്പുയരുന്നു. താഴ്ന്നപ്രദേശങ്ങളില് വെള്ളം കയറിത്തുടങ്ങി. രണ്ട് ദിവസമായി പെയ്യുന്ന മഴയാണ് ജലനിരപ്പുയരാന് കാരണം. മഴയും കിഴക്കന്വെള്ളത്തിന്റെ വരവുംമൂലം ഗ്രാമീണ റോഡുകള് മുങ്ങി. മങ്കൊമ്പ് വികാസ് മാര്ഗറോഡ്, ചതുര്ഥ്യാകരി റോഡുകള് മുങ്ങി.
പുഞ്ചകൃഷി പാടശേഖരങ്ങളില് മട ഉറപ്പിച്ചതും വെള്ളക്കെട്ട് രൂക്ഷമാക്കി. പെയ്ത്തുവെള്ളം ഒഴുകിപ്പോകാന് സാഹചര്യമില്ലാത്തതിനാല് പാടശേഖരത്തിനുള്ളിലെ വെള്ളക്കെട്ട് കൂടാന് ഇടയാക്കിയിട്ടുണ്ട്. വീടുകളിലും വെള്ളംകയറി. പാടശേഖരങ്ങളില് പമ്പിങ് ആരംഭിച്ചാല് മാത്രമേ ഈ ഭാഗങ്ങളില് വെള്ളക്കെട്ട് ഒഴിവാകൂ. രണ്ട് ദിവസത്തെ മഴയില്ത്തന്നെ കിഴക്കന് വെള്ളം അസാധാരണമാം വിധം കലങ്ങിമറിഞ്ഞ് വന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മഹാപ്രളയത്തില് പോലും ഇത്തരത്തില് വെള്ളം കലങ്ങി മറിഞ്ഞ് എത്തിയിരുന്നില്ല.
തോട്ടപ്പള്ളി പൊഴിമുഖം അടഞ്ഞത് കുട്ടനാട്ടില് ആശങ്ക ഉയര്ത്തിയെങ്കിലും സ്പില്വേ ഷട്ടര് ഉയര്ത്തിയതും പൊഴിമുഖത്ത് മണല്നീക്കം ആരംഭിച്ചതും ആശ്വാസമായി. കഴിഞ്ഞമാസം ഉണ്ടായ വെള്ളപ്പൊക്കത്തില് പരിധിക്കപ്പുറം ജലനിരപ്പുയരാത്തത് തോട്ടപ്പള്ളിയിലൂടെ വെള്ളം കടലിലേക്ക് ഒഴുകിയതുകൊണ്ടാണ്. പുഞ്ചക്കൃഷിയുടെ ഭാഗമായി പാടശേഖരങ്ങളുടെ പുറംമടകള് അടച്ചു. പമ്പിങ് ജോലികളും തുടങ്ങിയിട്ടുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പുയരുന്നതോടെ പുറം ബണ്ടുകള് തകര്ന്ന് മട വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കര്ഷകര് പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3m9btMX
Comments