സ്വർണക്കടത്ത്: എല്ലാം വെളിപ്പെടുത്താമെന്ന് സന്ദീപ് നായർ; രഹസ്യമൊഴിക്ക് അനുമതി
കൊച്ചി > നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ തയ്യാറാണെന്നും ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തണമെന്നും പ്രതി സന്ദീപ് നായർ. കൊച്ചി എൻഐഎ കോടതി രഹസ്യമൊഴി നൽകാൻ അനുമതി നൽകി.
യുഎപിഎ പ്രകാരം എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് സന്ദീപ് നായർ. നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കടത്തിയ സംഭവത്തിലെ വിശദാംശങ്ങൾ കോടതിക്ക് കൈമാറാൻ സന്നദ്ധനാണെന്നും ഇത് സിആർപിസി 164 പ്രകാരം രേഖപ്പെടുത്തണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. ഈ രഹസ്യ മൊഴി തനിക്കെതിരെ തെളിവായി വരുമെന്ന ഉത്തമ ബോധ്യമുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സന്ദീപിന്റെ അപേക്ഷയെ എൻഐഎ എതിർത്തില്ല. രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള തുടർ നടപടികളെടുക്കേണ്ടത് എറണാകുളം സിജെഎം കോടതിയിലാണെന്ന് എൻഐഎ കോടതി വ്യക്തമാക്കി. വീഡിയോ കോണ്ഫറന്സ് വഴി സന്ദീപിന്റെ റിമാന്റ് കാലാവധി നീട്ടുന്നതിനു ഹാജരാക്കിയ സമയത്താണ് രഹസ്യമൊഴി നല്കാന് തയ്യാറാണെന്നു വ്യക്തമാക്കി അപേക്ഷ നൽകിയത്. കുറ്റസമ്മതം നടത്തുന്നതുകൊണ്ടു മാപ്പുസാക്ഷിയാക്കുമെന്നോ കേസില് നിന്നു ഒഴിവാക്കുമെന്നോ പ്രതീക്ഷിക്കരുതെന്നു കോടതി സന്ദീപിനോട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2ELqB2e
Comments