ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സർവ്വകലാശാല: സർക്കാരിനെ അഭിനന്ദിച്ച്‌ പുരോഗമന കലാസാഹിത്യസംഘം

തിരുവനന്തപുരം> ആധുനിക ജനാധിപത്യ കേരളത്തിൻ്റെ മുഖ്യ ശിൽപ്പിയായ ശ്രീനാരായണഗുരുവിൻ്റെ നാമത്തിൽ കൊല്ലം ആസ്ഥാനമായി ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങാൻ തീരുമാനിച്ച എൽ.ഡി.എഫ് സർക്കാരിനെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി അഭിനന്ദിച്ചു. ഒരു വർഷംമുമ്പ് തിരുവനന്തപുരത്തെ വിജെടി.ഹാൾ മഹാത്മാ അയ്യൻകാളിയുടെ സ്മാരകമാക്കി മാറ്റിയ നടപടി ഈ സന്ദർഭത്തിൽ സ്മരണീയമാണ്. കേരളത്തിൽ നടന്ന അധസ്ഥിത മുന്നേറ്റത്തിൻ്റെ ശരിയായ തുടർച്ചയാണ് ഇന്നത്തെ പിണറായി സർക്കാർ എന്നതിൻ്റെ സൂചനയാണ് ഈ നടപടികൾ കാണിക്കുന്നതെന്ന് പുകസ പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പറഞ്ഞു.

ഗുരുവും അയ്യങ്കാളിയും തങ്ങളുടെ ജീവിതം സമർപ്പിച്ചു മോചിപ്പിച്ച പിന്നാക്ക ജനതക്ക് കിടപ്പാടവും കൂലിയും വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും നൽകാനുള്ള പ്രവർത്തനങ്ങളാണ് 1957 മുതൽക്ക് ഇടവിട്ട് അധികാരത്തിൽ വന്നിട്ടുള്ള കമ്യൂണിസ്റ്റ് ഇടതുപക്ഷ സർക്കാരുകൾ നടത്തിയിട്ടുള്ളത്. എന്നാൽ മൂലധന പ്രമാണിത്തത്തിൻ്റെയും ഫ്യൂഡൽ താൽപ്പര്യങ്ങളുടെയും സംരക്ഷകരായ ഒരു കേന്ദ്രസർക്കാരിനു കീഴിൽ സാമാന്യ ജനങ്ങളുടെ ജീവിതം വീണ്ടും ദുസ്സഹമാകുന്നു. രാജ്യം പിന്തുടരുന്ന സാമ്പത്തിക നയങ്ങളുടെ ഫലമായി ജീവിതം വഴിമുട്ടുന്ന ജനതക്ക് വീടും പെൻഷനും മരുന്നും സൗജന്യ ഭക്ഷണവും നൽകി ആഘാതം പരമാവധി കുറ്റക്കാനുള്ള ശ്രമമാണ് പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ പോലും സംസ്ഥാന സർക്കാർ നടത്തുന്നത്.

"അറിവിലുമേറെ അറിഞ്ഞവനായ" ഗുരുവാണ് കേരളത്തിൽ മഹത്തായ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയത്. വിദ്യയിലൂടെ സ്വന്തം അടിമത്തത്തെ തിരിച്ചറിയാനും അതിൽ നിന്ന് മോചനം നേടാനും അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ഋഷിയും മഹാകവിയുമായ ശ്രീനാരായണൻ്റെ പേരിൽ ഉയരുന്ന സർവ്വകലാശാല ജനാധിപത്യ കേരളത്തിൻ്റെ പ്രതീകമാകും എന്നതിൽ സംശയമില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/3i1Mo46

Comments

Archive

Contact Form

Send