ഒരേ ദിവസം മൂന്ന് പ്രവേശനപരീക്ഷ; അവസരം ഇല്ലാതാക്കി കേന്ദ്ര സർവകലാശാലകൾ
തിരുവനന്തപുരം > വിവിധ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷകൾ ഒരേ ദിവസം നടത്തുന്നത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), കേന്ദ്ര സർവകലാശാലകളുടെ പൊതു പരീക്ഷ (സിയുസിഇടി), പോണ്ടിച്ചേരി സർവകലാശാല എന്നിവയുടെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളാണ് 18ന് നടത്തുന്നത്. ഇതിനാൽ ഭൂരിപക്ഷം വിദ്യാർഥികൾക്കും രണ്ടു പ്രവേശന പരീക്ഷകൾ എഴുതാനാകില്ല.
പരീക്ഷ നടത്തിപ്പിലെ പ്രശ്നങ്ങളാൽ നിരവധി വിദ്യാർഥികൾക്ക് നീറ്റ് എഴുതാനായില്ല. ചിലവിദ്യാർഥികളുടെ ആത്മഹത്യയിലേക്ക് വരെ ഇതെത്തി. പിന്നാലെയാണ് പ്രവേശന പരീക്ഷകൾ ഒരേ ദിവസം നടത്തുന്നത്.
തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ ഏഴ് ഐസർ കേന്ദ്രങ്ങളിലേക്കുള്ള പരീക്ഷ 18ന് രാവിലെ ഒമ്പതുമുതൽ 12 വരെയാണ്.
കേന്ദ്ര സർവകലാശാലകളുടെ പൊതുപരീക്ഷയായ ക്യൂകെറ്റിലെ അഞ്ച് വർഷത്തെ ബിരുദവും ബിരുദാനന്തരബിരുദവും ചേർന്നുള്ള ഇന്റഗ്രേറ്റഡ് കോഴ്സുകളിലെ പ്രവേശന പരീക്ഷയും അന്നാണ്. സയൻസ് വിഷയങ്ങൾക്ക് രാവിലെ 10 മുതൽ 12 വരെയും സയൻസ് ഇതര വിഷയങ്ങൾക്ക് പകൽ മൂന്നുമുതൽ അഞ്ചുവരെയുമാണ് പരീക്ഷ.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ ഇന്റഗ്രേറ്റഡ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയും ഇതേ ദിവസമാണ്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പരീക്ഷകൾ രാവിലെ ഒമ്പതുമുതൽ 11 വരെയാണ്.
സയൻസ് ഇന്റഗ്രേറ്റഡ് പരീക്ഷകൾ 19നാണ്. എന്നാൽ, പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ കേന്ദ്രമുണ്ടായിട്ടും പല വിദ്യാർഥികൾക്കും കേരളത്തിന് പുറത്താണ് സെന്റർ അനുവദിച്ചിട്ടുള്ളത്. അതിനാൽ പലർക്കും പോകാനാകില്ല.
Credits Kerala || Deshabhimani Online News https://ift.tt/32rAStt
Comments