കോർപറേറ്റ് വായ്‌പ പുനഃക്രമീകരണം പൊല്ലാപ്പാകും
ന്യൂഡൽഹി
കോവിഡ് മഹാമാരിയില് തിരിച്ചടവ് പ്രതിസന്ധിയിലായ 15.52 ലക്ഷം കോടി രൂപയുടെ കോര്പറേറ്റ് വായ്പ പുനഃക്രമീകരിക്കാൻ നീക്കം തുടങ്ങി. വായ്പ പുനഃക്രമീകരണത്തിന്റെ മറവില് മുന്കാലങ്ങളില് വൻകിട കമ്പനികള് ബാങ്കുകളിൽനിന്ന് പണം തട്ടിയതോടെ 2015 ഏപ്രിലില് റിസര്വ് ബാങ്ക് പദ്ധതി നിര്ത്തിവച്ചിരുന്നു.
ചില്ലറ–-മൊത്ത വ്യാപാരമേഖല, വസ്ത്രവ്യാപാരം, ഊർജം, ഉരുക്ക്, നിർമാണം, അടിസ്ഥാനസൗകര്യവികസനം, ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ എന്നീ മേഖലയിലായി 15.52 ലക്ഷം കോടിയുടെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാണെന്ന് വി കാമത്തിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയാണ് റിസര്വ് ബാങ്കിന് റിപ്പോര്ട്ട് നല്കിയത്. കോവിഡിനു മുമ്പുതന്നെ 23.71 ലക്ഷം കോടിയുടെ വായ്പകൾ സമ്മർദത്തിലായിരുന്നുവെന്നും റിപ്പോര്ട്ടിലുണ്ട്. രാജ്യത്തെ ബാങ്ക്വായ്പയുടെ 45 ശതമാനവും സമ്മർദത്തിലാണ്.വാണിജ്യബാങ്കുകളുടെ ബോർഡ്തല യോഗമാണ് വായ്പ പുനഃക്രമീകരണത്തില് തീരുമാനം എടുക്കേണ്ടത്. തിരിച്ചടവ് കാലാവധി നീട്ടുക, പിഴപ്പലിശ ഒഴിവാക്കുക, പലിശ കുറയ്ക്കുക, ഓരോ മാസത്തെയും ഗഡുതുക കുറയ്ക്കാൻ സംവിധാനം ഒരുക്കുക എന്നിവയാണ് സാധാരണ അനുവദിക്കുക. എന്നാൽ, 2008ലെയും 2011ലെയും വായ്പ പുനഃക്രമീകരണം ബാങ്കുകൾക്ക് വൻ നഷ്ടമായി. നിഷ്ക്രിയ ആസ്തി പെരുകി.
സമ്പദ്ഘടനയിൽ ഉണർവ് ഉണ്ടാകാത്തപക്ഷം വായ്പ പുനഃക്രമീകരണം പ്രയോജനം ചെയ്യില്ല. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ വിപണിയിൽ മാന്ദ്യം തുടരും. വായ്പ പുനഃക്രമീകരണം വന്കിട കോർപറേറ്റുകൾ ദുരുപയോഗിക്കാനുള്ള സാധ്യതയേറെയുണ്ട്. മുമ്പ് വായ്പാ ആനുകൂല്യം നേടിയ പല കമ്പനികളും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.
Credits National || Deshabhimani Online News https://ift.tt/3hrdUXy
Comments