വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മുല്ലപ്പള്ളിയുടെ ന്യായീകരണം കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നത്
തിരുവനന്തപുരം > വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലജും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം കോൺഗ്രസ്സ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. കൊലപാതകം നടത്തിയവരേയും ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. കോൺഗ്രസ്സ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് ശ്രമിക്കുന്നതെന്നും സിപിഐ എം ആരോപിച്ചു.
ഈ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ടുള്ള നിലപാടാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചത് എന്നത് കോൺഗ്രസ്സ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഈ സന്ദർഭം ഉപയോഗിച്ചത്. ഇത് അത്യന്തം അപലപനീയമാണ്. ഒരോ പ്രശ്നങ്ങളിലും അവർ ജനങ്ങൾക്കിടയിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കൂടുതൽ നിരാശരായി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
കോൺഗ്രസിന്റെ പ്രകോപനത്തിൽ പെട്ടുപോകാതെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്താൻ പാർടി പ്രവർത്തകർ മുൻകയ്യെടുത്ത് പ്രവർത്തിക്കണം. കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് സെപ്തംമ്പർ 2 ന് ആഹ്വാനം ചെയ്ത കരിദിനം വമ്പിച്ച വിജയമാക്കണം. കൊലപാതക സംഘമായ യുഡിഎഫിനെതിരെ വമ്പിച്ച ബഹുജന രോഷമായി കരിദിനാചരണ പരിപാടി മാറണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3lGie8H
Comments