കൊച്ചിയുടെ സ്വപ്‌നമായ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഒക്‌ടോബറിൽ തുറക്കും

കൊച്ചി > കൊച്ചിയുടെ ചിരകാല സ്വപ്നമായ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നു. കോവിഡ് നിയന്ത്രണങ്ങളും കനത്ത മഴയും നിർമാണ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അവസാനഘട്ട പണികൾ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. ഒക്ടോബർ പകുതിയോടെ പാലം ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കാനാകും.

വൈറ്റില മേൽപ്പാലത്തിന്റെ 98 ശതമാനം പണിയും പൂർത്തിയായതായി പൊതുമരാമത്തുവകുപ്പ് അധികൃതർ വ്യക്തമാക്കി. അപ്രോച്ച് റോഡുകൾ പൂർത്തിയായി. ആധുനിക റോഡ് നിർമാണരീതിയനുസരിച്ച് ഡിബിഎം ബിസി സാങ്കേതികവിദ്യയിലാണ് റോഡുകളുടെ ടാറിങ്. അതിൽ ഒന്നാംഘട്ടമായ ഡിബിഎം പൂർത്തിയായി. ഇപ്പോൾ ബിസിയുടെ അവസാനഘട്ടം നടക്കുകയാണ്. പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളും 95 ശതമാനം പെയിന്റിങ്ങും കഴിഞ്ഞു. പാലത്തിന് മുകളിൽ ഉൾവശത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനുശേഷം മാത്രം ചെയ്യാനാകുന്ന കുറച്ച് പണി മാത്രമാണ് ബാക്കിയുള്ളത്.

പാലാരിവട്ടം ഭാ​ഗത്ത് അടിപ്പാതയിൽ ടൈൽ വിരിക്കലും അവസാന മിനുക്കുപണിയിലാണ്. അപ്രോച്ച് റോഡിന്റെ താങ്ങുമതിലും പാലത്തിലേക്കുള്ള അപ്രോച്ച് സ്ലാബിന്റെ കോൺക്രീറ്റും പൂർത്തിയായി. ശേഷിക്കുന്ന പണികൾ മൂന്നുദിവസംകൊണ്ട് തീരും. പാലത്തിന് മുകളിൽ കൂടുതൽ ഈടും ദൃഢതയും നൽകുന്നതിന് ടാറിങ്ങിന് മുമ്പായി ചെയ്യുന്ന മാസ്റ്റിക് ആസ്ഫാൾട്ട് ജോലികൾ ഒമ്പതിന് ആരംഭിക്കും. പ്രത്യേക മിശ്രിതം തയ്യാറാക്കി ചെയ്യുന്ന ഈ പണി പൂർത്തിയാകാൻ കുറഞ്ഞത് 28 ദിവസം വേണ്ടിവരുമെന്നും പൊതുമരാമത്തുവകുപ്പ് അധികൃതർ പറഞ്ഞു.

കുണ്ടന്നൂർ മേൽപ്പാലത്തിന്റെ എട്ട് ശതമാനത്തോളം നിർമാണ പ്രവൃത്തികൾ മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന് കരാറുകാരായ മേരിമാത കൺസ്ട്രക്ഷൻ കമ്പനി അറിയിച്ചു. അരൂർ ഭാ​ഗത്തെ 70 മീറ്റർ അപ്രോച്ച് റോഡും വൈറ്റില ഭാ​ഗത്തെ 100 മീറ്റർ അപ്രോച്ച് റോഡും പൂർത്തിയായി. ഇനി ബിസി ടാറിങ് മാത്രമാണ് ശേഷിക്കുന്നത്. പെയിന്റിങ് 90 ശതമാനവും കഴിഞ്ഞു. രണ്ട് സ്പാനുകളുടെ പെയിന്റിങ്ങാണ് ഇനി ബാക്കിയുള്ളത്. ഇലക്ട്രിക് ജോലികളും പൂർത്തിയായി. ഹോട്ടൽ ലെ മെറിഡിയന് എതിർവശത്തുള്ള 24 മീറ്റർ അടിപ്പാതയുടെ പണിയും പുരോ​ഗമിക്കുകയാണ്.

വാഹന ​ഗതാ​ഗതവും മഴവെള്ളവും മൂലം ഉണ്ടാകുന്ന തകരാറുകളിൽനിന്ന് സംരക്ഷണം നൽകുന്നതിന് പാലത്തിന് മുകളിൽ ചെയ്യുന്ന വെയറിങ് കോട്ടാണ് ശേഷിക്കുന്ന പ്രധാന ജോലി. ഇതിന് 30 ദിവസത്തോളം വേണ്ടിവരും. ഇതിനുള്ള തൊഴിലാളികൾ കൊച്ചിയിൽ എത്തിക്കഴിഞ്ഞെന്നും അവരുടെ ക്വാറന്റൈൻ അവസാനിച്ചാലുടൻ പണി ആരംഭിക്കുമെന്നും കരാറുകാർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Fcxvh2

Comments

Archive

Contact Form

Send