ബിപിസിഎൽ വിൽപ്പന: ജീവനക്കാരെ പാട്ടിലാക്കാൻ ഓഹരി വാഗ്ദാനം
കൊച്ചി > ബിപിസിഎൽ സ്വകാര്യവൽക്കരണത്തിന് മുന്നോടിയായി കമ്പനിയുടെ രണ്ട് ശതമാനം ഓഹരി മൂന്നിലൊന്ന് വിലയ്ക്ക് വീതിച്ചു നൽകി ജീവനക്കാരെ പാട്ടിലാക്കാൻ മാനേജ്മെന്റ് നീക്കം. വെള്ളിയാഴ്ച ചേർന്ന കമ്പനി ഡയറക്ടർ ബോർഡാണ് എംപ്ലോയിസ് സ്റ്റോക്ക് പർച്ചേസ് സ്കീം (ഇഎസ്പിഎസ്) എന്ന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
ബിപിസിഎൽ ട്രസ്റ്റ് ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഷെയേഴ്സിന്റെ പക്കലുള്ള ഓഹരിയുടെ രണ്ട് ശതമാനമാണ് താൽപ്പര്യമുള്ള ജീവനക്കാർ നൽകുക. കമ്പനി വിൽപ്പനയ്ക്കെതിരെ അഖിലേന്ത്യാതലത്തിൽ ഉയർന്നിട്ടുള്ള പ്രതിഷേധത്തെ ഓഹരി പങ്കാളിത്ത വാഗ്ദാനത്തിലൂടെ മറികടക്കാനാണ് മാനേജ്മെന്റ് ശ്രമം.
ഓഹരി വിപണിയിൽ വൻ ഡിമാൻഡുള്ള ബിപിസിഎൽ ഓഹരികൾ മൂന്നിലൊന്ന് വിലയ്ക്ക് നൽകുന്നതിലൂടെ ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥരെ കമ്പനി വിൽപ്പനയ്ക്ക് അനുകൂലമാക്കാമെന്നാണ് ബോർഡ് കരുതുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബിപിസിഎൽ ഓഹരിവിൽപ്പന ക്ലോസ് ചെയ്തത് 403.40 രൂപയ്ക്കാണ്. മൂന്നിലൊന്ന് വിലയ്ക്ക് കിട്ടുന്ന ഓഹരി ഒരുവർഷത്തിനുശേഷം ജീവനക്കാർക്ക് വിൽക്കാം. ട്രസ്റ്റിന്റെ പക്കൽ 9.33 ശതമാനം ഓഹരിയാണുള്ളത്. ഇതിന്റെ ചെറിയ ഭാഗത്തിന്റെ വിൽപ്പന കമ്പനിയിലെ സർക്കാർ ഓഹരിയുടെ വിൽപ്പനയെ ഒരുവിധത്തിലും ബാധിക്കില്ല. സർക്കാരിനുള്ള 52.98 ശതാമനം ഓഹരിയാണ് വിൽക്കുന്നത്.
കർശന പരിശോധനയ്ക്കുശേഷം തെരഞ്ഞെടുക്കുന്ന ജീവനക്കാർക്കിടയിലാണ് രണ്ട് ശതമാനം ഓഹരി വിതരണം ചെയ്യുക. ഉയർന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽത്തന്നെ തെരഞ്ഞെടുക്കപ്പെടുന്നവരും ഡയറക്ടർമാരുമൊക്കെയായിരിക്കും ഓഹരി സ്വന്തമാക്കാൻ യോഗ്യരാകുക. ആറുമാസത്തിനുള്ളിൽ സെബി നിർദേശങ്ങൾക്കനുസൃതമായി ഓഹരി വിറ്റഴിക്കും. വരുന്ന വാർഷിക ജനറൽബോഡി യോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരത്തോടെ ഓഹരിക്ക് അർഹരായ ജീവനക്കാരെ കണ്ടെത്തും.
ജീവനക്കാർക്ക് ഓഹരി നൽകുന്നത് കമ്പനി വിൽപ്പനയെ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് മാനേജ്മെന്റ് കണക്കുകൂട്ടുന്നത്. കമ്പനി വിൽപ്പനയ്ക്ക് മുന്നോടിയായി സ്വകാര്യ സംരംഭകർക്ക് അനുകൂലമായുണ്ടാകേണ്ട മാറ്റങ്ങൾക്ക് അത് വേഗം പകരുമെന്നും കണക്കാക്കുന്നു. കഴിഞ്ഞ മൂന്ന് പ്രവശ്യവും കമ്പനി വിൽപ്പനയ്ക്ക് സ്വകാര്യ നിക്ഷേപകരിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറ്റവുമൊടുവിൽ സെപ്തംബർ 30 ആണ് താൽപ്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ളത്. രണ്ടുവർഷത്തിനുള്ളിൽ വിൽപ്പന പൂർത്തിയാക്കാനുള്ള കലണ്ടർ കേന്ദ്ര ഓഹരി വിൽപ്പന മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യവൽക്കരണത്തിന് മുന്നോടിയായി സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കിയിരുന്നു. 1200 ജീവനക്കാരാണ് പദ്ധതിയിലൂടെ പിരിയുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/322mk3p
Comments