എന്തിനിങ്ങനെ ചെയ്തു, എന്റെ വയറ്റിലുള്ള കുഞ്ഞിനുകൂടി അച്ഛനില്ലാതാക്കിയില്ലേ-ഹഖിന്റെ ഭാര്യ ചോദിക്കുന്നു

തിരുവനന്തപുരം > വാപ്പയെ കാത്ത് ആ പകലത്രയും അവൾ ഉപ്പാപ്പയുടെ കൈകളിലായിരുന്നു. ഇടയ്ക്ക് തോളിൽ ചാഞ്ഞുറങ്ങി. കരഞ്ഞില്ല. വാശിപിടിച്ചില്ല. ഉറക്കെ ചിരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തില്ല. ഹഖ് മുഹമ്മദിന്റെ മകൾ ഒരുവയസ്സുകാരി ഐറ പിച്ചവയ്ക്കുന്നതേയുള്ളൂ. ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താൻ അവൾക്കിനി വാപ്പയില്ല.

തിരുവോണദിവസം കോൺഗ്രസിന്റെ കൊലക്കത്തി അനാഥമാക്കിയത് രണ്ടു വീടുകളിലെ മൂന്നു കുഞ്ഞുങ്ങളെയാണ്. ഉദരത്തിൽ മിടിക്കുന്ന മറ്റൊരു കുഞ്ഞുജീവൻ പിറക്കുന്നതും ബാപ്പയില്ലാത്ത വേദനയിലേക്ക്. ഹഖിന്റെ ഭാര്യ നജീല മൂന്നുമാസം ഗർഭിണിയാണ്.

'എല്ലാവരോടും സ്നേഹം മാത്രമുണ്ടായിരുന്ന എന്റെ ഇക്കയെ എന്തിനിങ്ങനെ ചെയ്തു. എന്റെ വയറ്റിലുള്ള കുഞ്ഞിനുകൂടി അച്ഛനില്ലാതാക്കിയില്ലേ..' ഉള്ളുപിടഞ്ഞ് നജിലയുടെ ചോദ്യം തറയ്ക്കുന്നത് ചോരപുരണ്ട ഖദറുകളിലാണ്.

വാപ്പ കൊണ്ടുവരുന്ന ഓണസമ്മാനം കാത്തിരിക്കുകയായിരുന്നു ഇഹ്സാനും ഇർഫാനും. മുന്നിലേക്കെത്തിയത് ഹൃദയത്തിലാണ്ട കുത്തിൽ ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങിയ മിഥിലാജിന്റെ ചേതനയറ്റ ശരീരം. വെള്ള തുണിക്കെട്ടിനുള്ളിൽ ഉറങ്ങുന്ന വാപ്പയുടെ മുഖത്തുനോക്കാനാകാതെ ഏഴുവയസ്സുകാരൻ ഇഹ്സാൻ പൊട്ടിക്കരഞ്ഞു. ഒന്നും മനസ്സിലാകാതെ പകച്ചുനിന്ന അഞ്ചുവയസ്സുകാരൻ ഇർഫാൻ, വാപ്പ ഇനിയില്ലെന്ന് തിരിച്ചറഞ്ഞ നിമിഷം നിലവിളിച്ചു. അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തളർന്നുവീണ കുഞ്ഞിനെ ആരൊക്കെയോ ചേർന്ന് കെട്ടിപ്പുണർന്നു. ചുറ്റും ഒരായിരം നിലവിളിയുയർന്നു. ഇനിയൊരിക്കലും ഉണരാത്ത വാപ്പയുടെ മുഖത്തേക്ക് നോക്കാനാകാതെ ആ മക്കൾ ചുറ്റുംനിന്നവരുടെ മുഖങ്ങളിലേക്ക് നോക്കി വാവിട്ടു കരഞ്ഞു.

സ്നേഹിച്ച പെണ്ണിനെ ഇരുപത്തിമൂന്നാം വയസ്സിൽ നിക്കാഹ് കഴിച്ചതാണ് ഹഖ്. കുടുംബം പുലർത്താൻ പല പണികൾക്കും പോയി. പാർടി ബ്രാഞ്ച് സെക്രട്ടറി സജീറിന്റെ പ്ലംബിങ് ഷോപ്പിൽ ജോലിക്കുനിന്നു. പിന്നീട് ഡ്രൈവറായി. ലോക്ഡൗണിൽ പ്രതിസന്ധിയിലായപ്പോൾ മീനും പച്ചക്കറിയും കച്ചവടം ചെയ്തു. ഇതിനെല്ലാമൊപ്പം വിശ്വസിച്ച പ്രസ്ഥാനത്തെ ജീവനായി ഒപ്പം കൊണ്ടുനടന്നു. നാട്ടിലെ ഏത് പ്രശ്നത്തിനും മുന്നിൽനിന്നു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മേഖലയിൽ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾ സജീവമാക്കി. കോൺഗ്രസ് കുത്തകയായിരുന്ന തേമ്പാംമൂട് വാർഡിൽ കഴിഞ്ഞതവണ ആദ്യമായി സിപിഐ എം വിജയിച്ചു. തുടർന്ന് മേഖലയിലെ വികസനപ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് പ്രവർത്തിച്ചത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റായ ഹഖാണ്.

പലവിധ പണികൾ ചെയ്ത് കുടുംബം പുലർത്തിയിരുന്ന മിഥിലാജ് ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിൽ സജീവമായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gOJD4X

Comments

Archive

Contact Form

Send