വാട്ടർ മെട്രോ: ഏഴ് ടെർമിനൽകൂടി
കൊച്ചി
ജില്ലയുടെ സ്വപ്നപദ്ധതിയായ വാട്ടർ മെട്രോയ്ക്കുള്ള ഏഴ് ബോട്ട് ജെട്ടികളുടെ സാമൂഹിക ആഘാത പഠനത്തിന് ക്വട്ടേഷൻ നടപടികൾ പൂർത്തിയായി. 22 ബോട്ട് ടെർമിനലുകളാണ് പദ്ധതിക്കായി വിഭാവനം ചെയ്തിട്ടുള്ളത്. 15 എണ്ണത്തിന്റെ പ്രാഥമിക വിജ്ഞാപന നടപടികൾ പൂർത്തിയായിരുന്നു. ബാക്കികൂടി പൂർത്തിയായതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ പ്രോജക്ട് അവലോകന യോഗം വിലയിരുത്തി. കലക്ടർ എസ് സുഹാസ് അധ്യക്ഷനായി. യോഗത്തിൽ മെട്രോ നിർമാണത്തിന്റെയും വാട്ടർ മെട്രോ പ്രോജക്ടിന്റെയും പുരോഗതി ചർച്ച ചെയ്തു.
റോഡ് വീതി കൂട്ടും
കൊച്ചി
മെട്രോ സ്റ്റേഷൻ ജെഎൽഎൻ സ്റ്റേഡിയം–-കാക്കനാട് ഇൻഫോപാർക്ക് റോഡ് വീതികൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കലിന്റെ നടപടികൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ രണ്ട് വശങ്ങളിൽനിന്ന് സ്ഥലമേറ്റെടുത്ത് നൽകണമെന്നാണ് കെഎംആർഎൽ ആവശ്യപ്പെട്ടത്. കാക്കനാട് ഭാഗത്തെ നിർമാണമായിരിക്കും ആദ്യം ആരംഭിക്കുക.. രണ്ടാംഘട്ടം പ്രഖ്യാപിച്ച സ്ഥലമേറ്റെടുക്കലിന് ഭരണാനുമതി ലഭിക്കുന്നതോടെ നിർമാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
മെട്രോ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള പേട്ടമുതൽ എസ്എൻ ജങ്ഷൻവരെയുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. വടക്കേക്കോട്ട സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ കഴിഞ്ഞു. നിർമാണത്തിനുള്ള അന്തിമ വിജ്ഞാപനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടപ്പള്ളി അഡീഷണൽ സ്റ്റേഷൻ നിർമാണത്തിനുള്ള പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. സർവേ നടപടികൾ പുരോഗമിക്കുകയാണ്. മൂന്ന് മാസംകൊണ്ട് നിലവിൽ തീരുമാനിച്ചിരിക്കുന്ന ജോലികൾ പൂർത്തിയാക്കി അടുത്തഘട്ടം ആരംഭിക്കണമെന്ന് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Credits Kerala || Deshabhimani Online News https://ift.tt/33xPpDd
Comments