എൻജിനിയറിങ് കൂട്ടകോപ്പിയടി: പിടിച്ചെടുത്തത് 28 മൊബൈലുകൾ
തിരുവനന്തപുരം> സാങ്കേതിക സർവകലാശാലയുടെ നാല് അഫിലിയേറ്റഡ് കോളേജുകളിൽ ബിടെക് മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ കൂട്ട കോപ്പിയടി സംഭവത്തിൽ 28 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. 23 ന് നടത്തിയ പരീക്ഷയിൽ
ഒരു കോളേജിൽ നിന്നും 16 ഉം മറ്റൊരു കോളേജിൽനിന്നും 10 ഉം മറ്റ് രണ്ടു കോളേജുകളിൽ നിന്നും ഓരോന്നും വീതമാണ് ഇൻവിജിലേറ്റർസിന്റെ പരിശോധനയിൽ ലഭിച്ചത്. വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീയുടെ നിർദ്ദേശാനുസരണം ഈ കോളേജുകളിലെ പ്രിൻസിപ്പൽമാരുമായും പരീക്ഷാവിഭാഗം അധ്യാപകരുമായും സർവകലാശാല പരീക്ഷ ഉപസമിതി നടത്തിയ ഓൺലൈൻ ഹിയറിങ്ങിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
പരീക്ഷാഹാളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനമുണ്ട്. അതിനാൽ മൊബൈൽ കൊണ്ടുവരുന്നവർ അവ പുറത്തുവയ്ക്കണമെന്ന് ഇൻവിജിലേറ്റർസ് നിർദേശിക്കാറുണ്ട്. എന്നാൽ ഇൻവിജിലേറ്റർസിനെ ബോധ്യപ്പെടുത്താൻ ഒരെണ്ണം പുറത്തുവയ്ക്കുകയും രഹസ്യമായി കരുതിവച്ച മറ്റൊരു ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയവരുമുണ്ടെന്നാണ് വിവരം. അനധികൃതമായി മൊബൈൽ ഫോണുമായി പരീക്ഷാ ഹാളിൽ കയറുന്നവർക്ക് തുടർന്നുള്ള മൂന്ന് തവണ വരെ പ്രസ്തുത പരീക്ഷ എഴുതാനാവില്ല എന്നതാണ് നിയമം. ചില കോളേജുകളിൽ ഇത്തരത്തിൽ പിടിച്ചെടുത്ത മൊബൈലുകൾ ഉടൻ തിരിച്ചുനൽകണം എന്നാവശ്യപ്പെട്ട് അദ്ധ്യാപകരോട് കയർത്തു സംസാരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരേ വിഷയത്തിനായി പലതരം വാട്സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എഴുപത്തഞ്ച് മാർക്കിനുള്ള ഉത്തരങ്ങൾ വരെ ചില ഗ്രൂപ്പുകളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത പല മൊബൈൽഫോണുകളും ഇപ്പോൾ ലോക്കഡ് സ്ഥിതിയിലാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡുകൾ ഉപയോഗിച്ചോ ഇ-മെയിൽ അകൗണ്ട് ഉപയോഗിച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ വഴിയോ ഫോൺ ഉപയോഗം തടയുവാനും വാട്സ്ആപ്പ് നീക്കം ചെയ്യുവാനും കഴിയും. അതിനാൽ ഫോണുകൾ വീണ്ടും പരിശോധിച്ച് യഥാർത്ഥ വിവരങ്ങൾ കണ്ടെത്തുന്നതിന് സാങ്കേതിക പരിമിതികളുണ്ടെന്നു പ്രിൻസിപ്പൽമാർ അഭിപ്രായപ്പെട്ടു.
സമാനമായ കോപ്പിയടികൾ മറ്റു കോളേജുകളിലും പരീക്ഷകളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഓരോ കോളേജുകളിലെയും അച്ചടക്ക സമിതികൾ കൂടി വിശദമായ റിപ്പോർട്ടുകൾ അഞ്ച് ദിവസത്തിനകം നൽകണമെന്ന് പ്രിൻസിപ്പൾമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊ വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, സിണ്ടിക്കേറ്റ് പരീക്ഷ ഉപസമിതി അംഗങ്ങളായ പ്രൊഫ.പി ഒ ജെ. ലബ്ബ, ഡോ സി. സതീഷ് കുമാർ, ഡോ.ജി. വേണുഗോപാൽ പരീക്ഷാ കൺട്രോളർ ഡോ.കെ.ആർ കിരൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/2HAuc4r
Comments