എ എന്‍ സന്തോഷ് വധശ്രമം: അറസ്റ്റിലായ പ്രതി കോവിഡ് ടെസ്റ്റിന് കൊണ്ടു പോകുന്നതിനിടെ രക്ഷപെട്ടു
കൊച്ചി> പി ടി തോമസ് എംഎല്‍എ ഉള്‍പ്പെട്ട കള്ളപ്പണം ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കിയ അഡ്വ. എ എന്‍ സന്തോഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി രക്ഷപെട്ടു. പിടിച്ചുപറി, വാഹന മോഷണക്കേസുകളിലെ പ്രതി ആലപ്പുഴ എടത്വ ചങ്ങംചേരി വൈത്തിശേരിയില് വിനീതാണ് (22) കോവിഡ് ടെസ്റ്റിന് കൊണ്ടു പോകുന്നതിനിടെ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി രക്ഷപെട്ടത്.
റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് തൃക്കാക്കര പൊലീസ് കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം. കാക്കനാട് ജങ്ഷന് സിഗ്നലില്‍ ജീപ്പ് നിറുത്തിയപ്പോഴാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ചു വിലങ്ങുമായി രക്ഷപെട്ടത്.
പിടിച്ചുപറിക്കേസില്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയ വീനിതാണ് നീളമുള്ള കത്തി വീശി സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഒപ്പം ബൈക്കിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ മറ്റ് രണ്ട് പ്രതികള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
ക്വട്ടേഷന്‍--കഞ്ചാവുമാഫിയ സംഘവുമായി ബന്ധമുള്ള പ്രതികള്‍ക്ക് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.17ന് പുലര്‍ച്ചെ 5.40ന് പ്രഭാതസവാരിക്കിടെ പാടിവട്ടം അര്‍ക്കക്കടവ് റോഡില്‍ കുഞ്ഞാട്ടുഭാഗത്തുവച്ചാണ് സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. എ എന്‍ സന്തോഷിനെ വധിക്കാന്‍ ശ്രമിച്ചത്.
ബൈക്കിലെത്തിയ മൂന്നംഗസംഘം സന്തോഷിനെ കത്തികൊണ്ട് കുത്താന്‍ പാഞ്ഞടുത്തപ്പോഴേക്കും അതുവഴിവന്ന മാലിന്യ ലോറിയില്‍ കയറി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.എ എന്‍ സന്തോഷ് ഓടിക്കയറി രക്ഷപ്പെട്ട ടിപ്പറിന്റെ ഡ്രൈവറുടെ വീട്ടില്‍ അജ്ഞാതര്‍ എത്തി പരിഭ്രാന്തി പരത്തിയിരുന്നു. ടിപ്പര്‍ ഡ്രൈവര്‍ പാമ്പാക്കുട കൊല്ലംകുടി കെ ടി സുനിലിന്റെ വീട്ടിലാണ് 18ന് രണ്ടംഗ സംഘം എത്തിയത്.
Credits Kerala || Deshabhimani Online News https://ift.tt/31Dtsmg
Comments