സജനയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; ബിരിയാണി വിൽക്കാൻ സർക്കാർ സംരക്ഷണം നൽകും
കൊച്ചി > വഴിയോരക്കച്ചവടം നടത്തി ജീവിക്കുന്ന ട്രാന്‍സ്ജെന്‍ഡർ സജന ഷാജിക്ക് സഹായമൊരുക്കി സാമൂഹ്യനീതിവകുപ്പ്. തൃപ്പൂണിത്തുറയില്‍ വഴിയരികിൽ ബിരിയാണി വിറ്റിരുന്ന സജനയുടെ കച്ചവടം ചിലർ തടസ്സപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സജനയുടെ പരാതിയിൽ തൃപ്പൂണിത്തുറ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പരാതി ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ ഇടപെട്ടു. വനിതാവികസന കോർപറേഷൻ മുഖേന വിൽപ്പനകേന്ദ്രം ഒരുക്കുന്നതിനായി സാമ്പത്തികസഹായം നൽകുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ജെ ജോണ്‍ ജോഷി അറിയിച്ചു.
കേസിൽ എരൂർ കീഴേത്ത് തെക്കേടത്ത് ഗിരീഷാണ് (48) തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ലോക്ക്ഡൗണിനെ തുടർന്ന് സജനയും സംഘവും കണ്ടെത്തിയ ഉപജീവനമാർഗമായിരുന്നു ബിരിയാണിക്കച്ചവടം. കച്ചവടത്തിനെത്തിയ സജനയെ ഗിരീഷ് നിരന്തരം ആക്ഷേപിക്കുകയും കച്ചവടം തടസ്സപ്പെടുത്തുകയും ചെയ്തു.
തുടർന്ന് സജന സാമൂഹ്യമാധ്യമങ്ങളിൽ കരഞ്ഞുകൊണ്ട് ഇക്കാര്യം പങ്കുവച്ചു. ഇതറിഞ്ഞ ഉടൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇവരെ ഫോണിൽ ബന്ധപ്പെട്ടു. ആവശ്യമായ സംരക്ഷണവും സാമ്പത്തികസഹായവും മന്ത്രി സജനയ്ക്ക് ഉറപ്പുനൽകുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തൃപ്പൂണിത്തുറ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. എം സ്വരാജ് എംഎൽഎയും ഇവർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുനൽകി. സജന ഹിൽ പാലസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടന്നാണ് അറസ്റ്റ്.
Credits Kerala || Deshabhimani Online News https://ift.tt/3jVRUGo
Comments