ടെക്‌നോപാർക്ക്‌ മൂന്നാംഘട്ടം മുന്നോട്ട് ; വരും അരലക്ഷം തൊഴില്‍


തിരുവനന്തപുരം
മൂന്നാംഘട്ട പ്രവർത്തനവുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതി അനുമതി നൽകിയതോടെ ടെക്നോപാർക്കിന്റെ വികസനത്തിന് വേ​ഗകുതിപ്പ്. 90.12 ഏക്കറിൽ 50 ലക്ഷം ചതുരശ്രയടിയാണ് മൂന്നാംഘട്ടത്തിൽ ഉയരുക. 50,000 നേരിട്ടുള്ള തൊഴിലവസരവും സൃഷ്ടിക്കപ്പെടും. ആ​ഗോള കമ്പനിയായ ടോറസിന്റെ തിരുവനന്തപുരം ഡൗൺ ടൗൺ പദ്ധതിയാണ് മൂന്നാംഘട്ടത്തിൽ പ്രധാനം. 2018 ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും തോമസ് ലോറൻസ് എന്നയാൾ കോടതിയെ സമീപിച്ചതോടെ നിർമാണം നിലച്ചു. ഹർജി തള്ളിയതോടെ നിർമാണം പുനരാരംഭിക്കാം.

1500 കോടി രൂപയുടേതാണ് ടോറസ് പദ്ധതി. പൂർത്തിയായാല് കുറഞ്ഞത് 20,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കൂടാതെ അനുബന്ധ തൊഴിലവസരങ്ങളുമുണ്ടാകും. 10 ലക്ഷം ചതുരശ്രയടിവീതമുള്ള ആദ്യഘട്ടം 2022 മാർച്ചിലും രണ്ടാംഘട്ടം 2024 ജൂലൈയിലും പൂർത്തിയാകും. പ്രത്യേക സാമ്പത്തികമേഖലയ്ക്കു പുറത്തെ പദ്ധതികളും ടോറസ് ഡൗൺടൗണിൽ ഉൾപ്പെടും. നാല് ലക്ഷം ചതുരശ്രയടിയിലെ ഐടി എ ഗ്രേഡ് ഓഫീസ് പദ്ധതി 2022 മാർച്ചിലും 8.6 ലക്ഷം ചതുരശ്രയടിയുടെ റീട്ടെയിൽ മാൾ 2013 ഡിസംബറിലും 210 മുറിയുള്ള ബിസിനസ് ഹോട്ടൽ 2023 ഡിസംബറിലും പൂർത്തിയാകും.

മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ടെക്നോപാർക്ക് പാട്ടത്തിനു നൽകിയ ഭൂമിയിലും പദ്ധതികൾ വരും. വിൻവിഷ് ടെക്നോളജീസിനും സ്റ്റാൻഡ് ഔട്ട് ഐടി സൊലൂഷൻസിനും ഒരേക്കർ ഭൂമിവീതമാണ് വിട്ടുനൽകുന്നത്. ഇവിടെ കമ്പനികളുടെ കെട്ടിടങ്ങൾ ഉയരും. വിർച്വസ് ഗ്രീൻ സ്പെയ്സിന് വിട്ടുനൽകിയ രണ്ടേക്കറിൽ രണ്ടു ലക്ഷം ചതുരശ്രയടിയിൽ ഐടി സ്പെയ്സ് നിർമിക്കും. കെയ്സിന് (കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്) ഒരേക്കറും വിട്ടു നൽകി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3kKmB1E

Comments

Archive

Contact Form

Send