വീണ്ടും ചരിത്രം കുറിച്ച് കേരളം; എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസുള്ള ആദ്യ സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം > സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാർട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കൈറ്റ് ആണ്.
16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 4752 സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.
നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ സംസ്ഥാനത്തെ എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിമാനകരമായ ഒരു നേട്ടമാണിത്. വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകൾക്കും ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുക എന്നത് സർക്കാരിൻ്റെ ഉറച്ച തീരുമാനമായിരുന്നു. പ്രളയങ്ങളും മഹാമാരിയുമടക്കം നിരവധി വെല്ലുവിളികൾ ഉയർന്നു വന്നിട്ടും ദൃഢനിശ്ചയത്തോടെ ആ ലക്ഷ്യം നമുക്ക് പൂർത്തീകരിക്കാനായി. നമുക്കൊത്തൊരുമിച്ച് കൂടുതൽ മികവിലേക്ക് വരും കാലങ്ങളിൽ നമ്മുടെ വിദ്യാലയങ്ങളെ കൈ പിടിച്ചുയർത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഴുവൻ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം,16,027 സ്കൂളുകളിലായി വിതരണം ചെയ്തത് 3,74,274 ഡിജിറ്റൽ ഉപകരണങ്ങൾ, 4752 എച്ച്എസ്,എച്ച്എസ്എസ് സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ്മുറികൾ, പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്കൂളുകളിൽ ഹൈടെക് ലാബ്, സർക്കാർ,എയിഡഡ് മേഖലകളിലെ 12678 സ്കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഉപകരണങ്ങൾക്ക് 5 വർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും, പരാതി പരിഹാരത്തിന് വെബ് പോർട്ടലും കോൾ സെന്ററും, അടിസ്ഥാനസൗകര്യമൊരുക്കാൻ 730.5 കോടി രൂപ, കിഫ്ബിയിൽ നിന്നു മാത്രം 595 കോടി രൂപ,വിദഗ്ധ ഐടിസി പരിശീലനം നേടിയ 1,83,440 അധ്യാപകർ എന്നിവയാണ് ഒറ്റ നോട്ടത്തിൽ പദ്ധതിയുടെ നേട്ടങ്ങൾ.
Credits Kerala || Deshabhimani Online News https://ift.tt/33Q5OV6
Comments