യൂത്ത്‌ ലീഗിൽ വിഭാഗീയത ശക്തം; പി കെ ഫിറോസിനെതിരെ പടയൊരുക്കം, പാലക്കാടും തിരുവനന്തപുരവും നഷ്ടമായി

തിരുവനന്തപുരം > യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ പോരും മൂർച്ഛിക്കുന്നു. നിലവിലെ ജനറൽ സെക്രട്ടറി പി കെ ഫിറോസ് വിഭാഗവും പ്രസിഡന്റ് മുനവ്വറലി തങ്ങളെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് അടി. പാലക്കാടും തിരുവനന്തപുരവും ഫിറോസ് പക്ഷത്തിന് നഷ്ടമായി. ബിജു കാവുങ്കലിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ലഭിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് 13 പേരടങ്ങിയ ജില്ലാ കമ്മിറ്റിയാണ്. ഫിറോസ് വിഭാഗം പ്രതീക്ഷ പുലർത്തിയ ജില്ലയാണിത്.

എ പി മിസ്വർ മുന്നോട്ടുവച്ച പാനലാണ് പരാജയപ്പെട്ടത്. ഇതോടെ മുനവ്വറലി തങ്ങളെ അനുകൂലിക്കുന്ന നജീബ് കാന്തപുരം വിഭാഗത്തിലെ കരമന ഹാരിസ് പ്രസിഡന്റായ കമ്മിറ്റി വീണ്ടും വന്നു. കോൺഗ്രസിന്റെ മാതൃകയിൽ ജംബോ കമ്മിറ്റി രൂപീകരിച്ചാണ് വലിയ അടി ഒഴിവാക്കിയത്.

സംസ്ഥാന പ്രസിഡന്റാകാനാണ് ഫിറോസ് രംഗത്തിറങ്ങിയത്. ഏഴ് ജില്ലാ കമ്മിറ്റിയെങ്കിലും പിടിച്ചാലേ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പി കെ ഫിറോസിന് അവകാശവാദം ഉന്നയിക്കാനാകൂ. പി കെ ഫിറോസ് പ്രസിഡന്റും ടി പി അഷ്റഫലി ജനറൽ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി രൂപീകരിക്കാനാണ് ഫിറോസ് പക്ഷത്തിന്റെ നീക്കം. മുനവ്വറലി തങ്ങൾ ഒരു പ്രാവശ്യം കൂടി സംസ്ഥാന പ്രസിഡന്റായി തുടരണം എന്ന വാദമാണ് നജീബ് കാന്തപുരം നേതൃത്വം നൽകുന്ന വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. ഫിറോസ് പക്ഷത്തെ ഒതുക്കപ്പെട്ട നേതാക്കൾക്ക് സംസ്ഥാന ഭാരവാഹിത്വം നൽകാമെന്ന ധാരണയുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jaoXVS

Comments

Archive

Contact Form

Send